പാലക്കാട് - സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതൽ വാശിയേറിയ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് തൃത്താല. സി.പി.എമ്മിന്റെ കണ്ണിലെ കരടായി മാറിയ വി.ടി.ബൽറാം എം.എൽ.എയെ വീണ്ടും നിയമസഭ കാണിക്കരുെതന്ന വാശിയിലാണ് ആ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ. അവരുടെ ആവശ്യപ്രകാരമാണ് എം.ബി.രാജേഷിനെ ഇടതു മുന്നണി അവിടെ സ്ഥാനാർഥിയാക്കി നിർത്തിയിരിക്കുന്നത്. കോൺഗ്രസിലേയും സി.പി.എമ്മിലേയും തലമുറ മാറ്റത്തിന്റെ പ്രതീകങ്ങളായി വിലയിരുത്തപ്പെടുന്ന ഇരു നേതാക്കളും പറയിപെറ്റ പന്തിരു കുലത്തിന്റെ നാട്ടിൽ കൊമ്പു കോർക്കുമ്പോൾ അക്ഷരാർഥത്തിൽ പോരാട്ടം പൊടിപാറും. ശബരിമല വിവാദത്തിലൂടെ സംഘ്പരിവാറിന്റെ നാവായി മാറിയ അഡ്വ.ശങ്കു ടി.ദാസാണ് എൻ.ഡി.എയുടെ സ്ഥാനാർഥി.
തുടർച്ചയായി മൂന്നാം അങ്കത്തിനിറങ്ങുന്ന വി.ടി.ബൽറാം രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലുടനീളം വ്യക്തിബന്ധങ്ങളുള്ള പൊതുപ്രവർത്തകനാണ്. 2011 ലെ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ ശക്തിേകന്ദ്രമായി അറിയപ്പെടുന്ന തൃത്താലയിൽ അട്ടിമറി വിജയം നേടിയതിനു ശേഷം അദ്ദേഹത്തിന്റെ ഗ്രാഫ് ക്രമാനുഗതമായി ഉയരുന്നതാണ് കണ്ടത്. 2016 ൽ പതിനായിരത്തിലധികം വോട്ടിനായിരുന്നു വിജയം. ഈ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിന്റെ തുരുപ്പ് ചീട്ട് സ്ഥാനാർഥിയുടെ പ്രതിഛായ തന്നെ.
സ്ഥാനാർഥിയുടെ മികവ് ചർച്ചയാക്കിക്കൊണ്ട് തന്നെയാണ് ഇത്തവണ ഇടതു മുന്നണിയും കളത്തിലിറങ്ങിയിരിക്കുന്നത്. പത്തു കൊല്ലം പാലക്കാടിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ച രാജേഷ് തൃത്താലയിൽ എൽ.ഡി.എഫിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് എന്ന് എതിരാളികൾ പോലും സമ്മതിക്കും. നിലവിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് രാേജഷ്.
ശബരിമല വിഷയത്തിൽ കോടതിവിധി നടപ്പിലാക്കണമെന്ന് ശക്തമായി വാദിച്ച രണ്ട് യുവനേതാക്കളെ എതിരിടാൻ ആ വിഷയം ഉയർത്താനാവുന്ന ഒരു സ്ഥാനാർഥിയെ ബി.െജ.പി രംഗത്തിറക്കിയത് യാദൃഛികമാവാനിടയില്ല. മണ്ഡലത്തിലെ പന്നിയൂർ സ്വദേശിയായ ശങ്കു ടി.ദാസ് ശബരിമല വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു. 30 കാരനായ യുവാവ് അവിവാഹിതനാണ്.
തൃത്താല, ആനക്കര, പട്ടിത്തറ, നാഗലേശ്ശരി, ചാലിശ്ശേരി, തിരുമിറ്റക്കോട്, പരുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തൃത്താല നിയമസഭാ മണ്ഡലം. ഇതിൽ തൃത്താല, തിരുമിറ്റക്കോട്, നാഗലേശ്ശരി പഞ്ചായത്തുകളിൽ ഇടതു മുന്നണിയും മറ്റ് നാലിടത്ത് യു.ഡി.എഫുമാണ് ഭരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 6178 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫിനുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തൃത്താലയിൽ നിന്ന് 2019 ൽ യു.ഡി.എഫിന് 8404 വോട്ടിന്റെ ലീഡ് ലഭിച്ചിരുന്നു. ഇരുകൂട്ടർക്കും ഒരുപോലെ പ്രതീക്ഷയർപ്പിക്കാവുന്ന മണ്ഡലമാണെന്ന് ചുരുക്കം.
വി.ടി.ബൽറാമിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് പ്രചാരണ രംഗത്ത് ഇടതു മുന്നണിയുടെ പ്രധാന ആയുധം. എ.െക.ജിയെക്കുറിച്ച് ബൽറാം നടത്തിയ വിവാദ പരാമർശങ്ങൾ കുറേക്കാലം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു. സി.പി.എം പ്രവർത്തകർ ഏറെ വൈകാരികമായാണ് അതിനെ കാണുന്നത്. ബൽറാമിന്റെ പൊതു പരിപാടികൾ എൽ.ഡി.എഫ് ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി. എ.െക.ജിയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാനാണ് പലയിടത്തും ഇടതു മുന്നണി പ്രവർത്തകർ വോട്ടു തേടിയിറങ്ങുന്നത്. വികസനവും എൽ.ഡി.എഫ് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ പത്തു കൊല്ലം മണ്ഡലത്തിൽ കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന വിമർശനമുയർത്തി എം.എൽ.എയെ പ്രതിക്കൂട്ടിൽ കയറ്റുകയാണ് അവർ.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനു വഴങ്ങാത്ത നേതാവ് എന്ന പ്രതിഛായയാണ് യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ബൽറാമിനുള്ളത്. അതുയർത്തിക്കാട്ടിയാണ് മുന്നണിയുടെ പ്രചാരണം. ഇടതു മുന്നണി സർക്കാരുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയാരോപണങ്ങളും യു.ഡി.എഫ് ഉന്നയിക്കുന്നു.
എം.ബി.രാജേഷ് സ്ഥാനാർഥിയായി എത്തിയതോടെ അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചയാക്കാൻ തീരുമാനമുണ്ട്. പത്തു കൊല്ലത്തിനിടയിൽ തൃത്താലയിൽ വലിയ വികസനമുണ്ടായി എന്നവകാശപ്പെടുന്ന എം.എൽ.എ വികസനത്തുടർച്ചക്കാണ് വോട്ട് തേടുന്നത്.






