ത്രികോണപ്പോരിൽ തിളച്ച് മഞ്ചേശ്വരം; പിടിച്ചെടുക്കാനും പിടിവിടാതെയും മുന്നണികൾ


കാസർകോട് - ശക്തമായ ത്രികോണപ്പോരിൽ തിളച്ചു മറിയുകയാണ് കർണാടക അതിർത്തിയിലെ മഞ്ചേശ്വരം മണ്ഡലം. ഏതു വിധേനയും പിടിച്ചടക്കി അക്കൗണ്ട് വികസിപ്പിക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീണ്ടും എത്തിയതോടെ ഈ മണ്ഡലത്തിലെ പോരാട്ടം ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. മുന്നണികൾ കളം നിറഞ്ഞതോടെ മഞ്ചേശ്വരത്ത് പ്രചാരണം കൊടുമ്പിരിക്കൊള്ളുകയാണ്. പത്രികാ സമർപ്പണം കഴിഞ്ഞതോടെ സ്ഥാനാർഥികൾ പൊതുപര്യടനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലും കന്നടയിലും തുളുവിലും അടക്കം വിവിധ ഭാഷകളിലാണ്ചുമരെഴുത്തുകൾ നടത്തിയിരിക്കുന്നത്. പ്രചാരണവും അങ്ങനെ തന്നെയാണ്. സപ്തഭാഷകൾ സംസാരിക്കുന്ന വോട്ടർമാരുണ്ട് മണ്ഡലത്തിൽ. ജാതി, മത വോട്ടുകൾക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ മത നേതാക്കളെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്നതിൽ മൂന്ന് മുന്നണി സ്ഥാനാർഥികളും തുടക്കത്തിൽ തന്നെ താൽപര്യം കാണിച്ചിരുന്നു. 89 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കുന്നതിന് കർണാടകയിലെ ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചു സുരേന്ദ്രന്റെ പ്രചാരണത്തിന് ചുക്കാൻപിടിക്കുകയാണ്. 2016 ലെ പോലെ കള്ളവോട്ടും ചതിയും നടത്തി മണ്ഡലത്തിൽ ജയിക്കാൻ യു.ഡി.എഫിനെ വിടില്ലെന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പി ജയിക്കുന്നത് തടയാൻ സി.പി.എം വോട്ട് മറിക്കുന്ന അഭ്യാസവും ഇനി നടക്കാൻ പോകുന്നില്ലെന്നും കേരളത്തിൽ ഇടതു മുന്നണി കൊട്ടിഘോഷിക്കുന്ന വികസനമൊന്നും മഞ്ചേശ്വരത്ത് കണികാണാൻ ഇല്ലെന്നതും ഇവർ പ്രചാരണ വിഷയമാക്കുന്നു.

കേരള രാഷ്ട്രീയത്തിലെ ശക്തനായ കെ. സുരേന്ദ്രനെ നേരിടാനും ഉറച്ച യു.ഡി.എഫ് കോട്ടയായ മഞ്ചേശ്വരം നിലനിർത്താനും നിയമസഭയിലേക്ക് കന്നിക്കാരനായ മുസ്‌ലിം ലീഗിലെ യുവതുർക്കി എ.കെ.എം അഷ്റഫ്പ്രചാരണം കടുപ്പിച്ചു പോരാടുകയാണ്. വിശ്വാസം അർപ്പിച്ചു ലീഗ് നേതൃത്വം വിട്ടുനൽകിയ സീറ്റിൽ ഭൂരിപക്ഷം ഉയർത്തി തന്റെ സ്വാധീനശക്തി ബോധ്യപ്പെടുത്തേണ്ടുന്ന ഉത്തരവാദിത്തവുംനിർവഹിക്കേണ്ടതിനാൽ ഗോദയിൽ പ്രചാരണത്തിന് ചൂടു പിടിപ്പിച്ചിരിക്കുകയാണ് അഷ്റഫ്. 2016 ലും 2019 ലെ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥിയാകാൻ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ കുറവ് നികത്താനുള്ള പോരാട്ടമാണ് അഷ്റഫ് നടത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തോട് ഇടതു മുന്നണി സർക്കാർ കാണിക്കുന്ന അവഗണനയുംബി.ജെ.പിയുടെ വർഗീയ നിലപാടുകളുംതുറന്നുകാണിച്ചു കൊണ്ടുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. 


തെരഞ്ഞെടുപ്പ് ഗോദയിൽ പരിചയ സമ്പന്നനായ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന വി.വി രമേശൻ എത്തിയതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത വിധം പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. മണ്ഡലത്തിൽ നിറയെ വി.വി രമേശന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കള്ളക്കഥകൾ തുറന്നു കാണിച്ചുമാണ് രമേശൻ മുന്നിലെത്താൻ പൊരുതുന്നത്. യു.ഡി.എഫിനെയുംബി.ജെ.പിയെയും അട്ടിമറിച്ചു മണ്ഡലത്തിൽ 2006 ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. 2006 ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു കരുത്തനായ ചെർക്കളം അബ്ദുല്ലയെ അട്ടിമറിച്ചതാണ് മണ്ഡലത്തിലെ വീറുറ്റ പോരാട്ടത്തിന്റെ ചരിത്രം. 2001 ൽ ചെർക്കളം 13,188 വോട്ടിന് ജയിച്ച മണ്ഡലമാണ് 4829 വോട്ടിന് സി.എച്ച് കുഞ്ഞമ്പു പിടിച്ചടക്കിയത്. ആ വിജയമാണ് രമേശന്റെ സ്വപ്‌നം. 

 

Latest News