Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം സംബന്ധിച്ച നിലപാട് രാഹുൽ വ്യക്തമാക്കണമെന്ന് അമിത് ഷാ

ന്യൂദൽഹി- രാമക്ഷേത്രം വിഷയം സംബന്ധിച്ച കോൺഗ്രസ് നിലപാട് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. ബാബരി കേസ് വിധിക്കെതിരായ ഹർജിയിൽ അന്തിമ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന്റെ നിലപാട് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ ആവശ്യം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുമ്പോൾ കോടതിയിൽ സിബലിന്റെ വാദങ്ങൾ ഇരട്ടത്താപ്പാണെന്നും അമിത് ഷാ ആരാപിച്ചു. 

ഉത്തർ പ്രദേശ് സുന്നി വഖഫ് ബോർഡിനു വേണ്ടിയാണ് കേസിൽ സിബൽ ഹാജരാകുന്നത്. കേസിൽ അന്തിമ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷമാക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സിബൽ വാദിച്ചത്. നിയമ നീക്കങ്ങളിലൂടെ 2019നു മുമ്പ് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി പറഞ്ഞിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പു വിഷയമാക്കാനാണ് ബിജെപിയുടെ ശ്രമം. ഈ കെണിയിൽ കോടതി വീണു പോകരുതെന്നായിരുന്നു സിബൽ വാദിച്ചത്. ഈ ആവശ്യം കോടതി തള്ളുകയും ഫെബ്രുവരി എട്ടിലേക്ക് കേസ് മാറ്റുകയും ചെയ്യുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ രാഹുൽ സന്ദർശനം നടത്തുമ്പോൾ രാമക്ഷേത്ര കേസിൽ സുപ്രീം കോടതി വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്നാണ് അവർ വാദിക്കുന്നതെന്ന് അമിത് ഷാ ആരാപിച്ചു.  'കോൺഗ്രസിന്റെ ഭാവി അധ്യക്ഷൻ രാമക്ഷേത്ര വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കണം' അമിത് ഷാ ആവശ്യപ്പെട്ടു. 'തർക്കം വേഗം തീർക്കണമെന്നാണ് ബിജെപി നിലപാട്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അനുമതി നൽകി കൊണ്ട് സുപ്രിം കോടതി വിധി പറയണം,' അദ്ദേഹം പറഞ്ഞു.

അതിനിടെ ഷായ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാലയും രംഗത്തെത്തി. ഈ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് എക്കാലത്തും വ്യക്തമാണെന്നും അയോധ്യ കേസ് സുപ്രീം കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ബി.ജെ.പിയുടെ നീക്കം കുതന്ത്രമാണെന്നും ആരോപിച്ചു.
 

Latest News