അമേരിക്കന്‍ നീക്കത്തിനെതിരെ സല്‍മാന്‍ രാജാവിന്റെ മുന്നറിയിപ്പ്‌

ജിദ്ദ- ശാശ്വതമായ പരിഹാരമുണ്ടാകുന്നതിന് മുമ്പ് ഇസ്രായിലിലെ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കം മുസ്ലിംകളെ പ്രകോപിതരാക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി.  ശാശ്വത പരിഹാരത്തിലെത്തുന്നതിനു മുമ്പ് ജറൂസലേം സംബന്ധിച്ച അമേരിക്കയുടെ ഏതൊരു പ്രഖ്യാപനവും സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും സല്‍മാന്‍ രാജാവ് ട്രംപിനോട് പറഞ്ഞതായി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ആദ്യപടി ആയാണ് ടെല്‍ അവീവിലെ യു.എസ് എംബസി വിശുദ്ധ നഗരമായ ജറൂസലമിലേക്ക് മാറ്റുമെന്ന് നേരത്തെ ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ജറൂസലമിന്റേയും അല്‍ അഖ്സ പള്ളിയുടേയും മഹത്തായി പദവി കണക്കിലെടുക്കുമ്പോള്‍ യു.എസിന്റെ ഈ അപകടകരമായ നീക്കം ലോകത്തെമ്പാടുമുള്ള മുസ്ലിംകളെ പ്രകോപിതരാക്കിയേക്കാമെന്ന് സല്‍മാന്‍ രാജാവ് ട്രംപിനെ ഉണര്‍ത്തി. 
നേരത്തെ യു.എസ് നീക്കത്തില്‍ സൗദി മന്ത്രിസഭ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു


 

Latest News