ദളിതരുമായുള്ള വിവാഹത്തിന് രണ്ടര ലക്ഷം രൂപ സമ്മാനം

ന്യൂദല്‍ഹി- ജാതികള്‍ തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കിവരുന്ന സാമ്പത്തിക സഹായം ലഭിക്കാന്‍ നിശ്ചയിച്ചിരുന്ന വരുമാന പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി. വധുവോ വരനോ ദളിത് വിഭാഗത്തില്‍ നിന്നാണെങ്കില്‍ അത്തരം വിവാഹങ്ങള്‍ക്ക് ഒറ്റത്തവണയായി രണ്ടര ലക്ഷം രൂപയാണ് പ്രോത്സാഹന സമ്മാനമായി സര്‍ക്കാര്‍ നല്‍കുക. 2013-ല്‍ ആരംഭിച്ച പദ്ധതിയുടെ ആനുകൂല്യം അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കു മാത്രമെ ലഭിച്ചിരുന്നുള്ളൂ. ഈ സാമ്പത്തിക സഹായം ലഭിക്കാന്‍ ഒരു വരുമാന പരിധിയുമില്ലെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.

സാമൂഹികമായി ശക്തമായ തീരുമാനമെടുത്ത് ജാതി വേര്‍ത്തിരിവുകളെ ഇല്ലാതാക്കി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് തുടക്കത്തില്‍ തന്നെ പിടിച്ചു നില്‍ക്കാനുള്ള സാമ്പത്തിക സഹായം എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സഹായം. ഇവര്‍ ആദ്യ വിവാഹക്കരായിരിക്കുകയും ഹിന്ദു വിവാഹ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. വിവാഹം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിച്ചാല്‍ മാത്രമെ ആനുകൂല്യം ലഭിക്കൂ.

ദമ്പതികള്‍ ആധാര്‍ നമ്പറുകളും ആധാര്‍ ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളും വരുമാന പരിധി നോക്കാതെ ഈ ആനുകൂല്യം നല്‍കുന്നുണ്ട്. അതു കൊണ്ടാണ് കേന്ദ്രവും വരുമാന പരിധി നീക്കിയതെന്ന് മന്ത്രാലയ വൃഞ്ഞങ്ങള്‍ പറഞ്ഞു. 
2013-ല്‍ നിലവില്‍ വന്നെങ്കിലും ഭൂരിപക്ഷം അപേക്ഷകര്‍ക്കും ആനുകൂല്യം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഒരു വര്‍ഷം 500 ദമ്പതികള്‍ക്കാണ് സമ്മാനം നല്‍കുക. 2014-15 വര്‍ഷം വെറും അഞ്ചു ദമ്പതികള്‍ക്കു മാത്രമാണ് ഇതു ലഭിച്ചത്. 2015-16-ല്‍ 522 പേര്‍ അപേക്ഷിച്ചെങ്കിലും വെറും 72 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. 2016-17 വര്‍ഷം 736 അപേക്ഷരില്‍ 45 പേര്‍ക്ക് മാത്രം ലഭിച്ചു. ഈ വര്‍ഷം ഇതുവരെ ലഭിച്ച 409 അപേക്ഷകരില്‍ 74 ദമ്പതികള്‍ക്ക് സമ്മാന ധനം നല്‍കിയെന്ന് മന്ത്രാലയം വ്യക്തമാക്കി.


 

Latest News