Sorry, you need to enable JavaScript to visit this website.

പരിശോധനക്ക് 85 സംഘങ്ങള്‍; പലയിടത്തും ജ്വല്ലറികള്‍ അടച്ചിട്ട നിലയില്‍

മക്ക പ്രവിശ്യയില്‍ അടച്ചിട്ട ജ്വല്ലറികള്‍.

റിയാദ് - ജ്വല്ലറി മേഖലയില്‍ വിദേശികളില്ലെന്ന് ഉറപ്പുവരുത്താന്‍ പരിശോധന വ്യാപകമായതോടെ പലയിടത്തും ജ്വല്ലറികള്‍ അടച്ചിട്ട നിലയില്‍. അറ്റകുറ്റപ്പണികള്‍ക്കും കണക്കെടുപ്പിനും അടച്ചിട്ടതാണെന്ന നോട്ടീസ് ചില ജ്വല്ലറികള്‍ക്കു മുന്നില്‍ പതിച്ചിട്ടുണ്ട്. മറ്റു ചില ജ്വല്ലറികള്‍ കൈയൊഴിയുന്നതിന് ഉടമകള്‍ ശ്രമിക്കുന്നുണ്ട്. സൗദി ജീവനക്കാരെ തേടുന്ന പരസ്യങ്ങളും ജ്വല്ലറികള്‍ക്കു മുന്നില്‍ പതിച്ചിട്ടുമുണ്ട്. 

പരിശോധന താമസ സ്ഥലങ്ങളിലേക്കും; പിടിയിലായവർ  ഒന്നര ലക്ഷം 

സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിലൂടെ ഈ മേഖലയില്‍  ഇരുപതിനായിരത്തോളം സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സൗദിവല്‍ക്കരണ തീരുമാനം ലംഘിച്ച് ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഓരോരുത്തര്‍ക്കും 20,000 റിയാല്‍ തോതില്‍ തൊഴിലുടമകള്‍ക്ക് പിഴ ചുമത്തും. 
വിദേശികള്‍ ബിനാമിയായി സ്വന്തമായി നടത്തുന്ന സ്ഥാപനങ്ങളാണെന്ന് സംശയം തോന്നിയാല്‍ കേസ് ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ക്കായി കൈമാറും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് കൈമാറും. 37 ജ്വല്ലറികള്‍ അടച്ചിട്ടതായി കണ്ടെത്തി. സൗദിയിലെങ്ങുമായി 85 സംഘങ്ങളാണ് ജ്വല്ലറികളില്‍ പരിശോധന നടത്തുന്നത്. ഓരോ സംഘത്തിലം ഏഴ് ഉദ്യോഗസ്ഥരുണ്ടെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. 


 അല്‍ജൗഫിലെ ജ്വല്ലറികളില്‍ പരിശോധന നടത്തുന്ന തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍. 

അല്‍ജൗഫ് പ്രവിശ്യയിലെ സകാക്ക, ദോമത്തുല്‍ജന്ദല്‍, ഖുറയ്യാത്ത്, ത്വബര്‍ജല്‍ എന്നിവിടങ്ങളിലെ 50 ജ്വല്ലറികളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി. 13 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സൗദിവല്‍ക്കരണം നടപ്പാക്കാത്തതിന് ആറു ജ്വല്ലറികള്‍ അടപ്പിച്ചതായി അല്‍ജൗഫ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി ഫഹദ് അല്‍ദന്ദനി പറഞ്ഞു. 
ജിസാനില്‍ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയ 21 ജ്വല്ലറികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖാ അധികൃതര്‍ അടപ്പിച്ചു. ഇവിടെ 54 ജ്വല്ലറികളിലാണ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളില്‍ ജ്വല്ലറികളില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ജിസാന്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ജിനീയര്‍ അഹ്മദ് ഖുന്‍ഫുദി പറഞ്ഞു. 
അസീര്‍ പ്രവിശ്യയില്‍ 105 ജ്വല്ലറികളില്‍ പരിശോധന നടത്തി. സൗദിവല്‍ക്കരണം പാലിക്കാത്തതിനാല്‍ ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിനായി 34 ജ്വല്ലറികള്‍ അടച്ചിട്ട നിലയിലാണ്. പ്രവിശ്യയിലെ 71 ജ്വല്ലറികള്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 
മദീനയില്‍ ബിലാല്‍ മാള്‍, ഖുബാ, മദീന ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ 53 ജ്വല്ലറികളില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ശാഖ പരിശോധനകള്‍ നടത്തി. സൗദിവല്‍ക്കരണം പാലിക്കാത്തതിന് നാലു ജ്വല്ലറികള്‍ അടപ്പിക്കുകയും ഒരു ജ്വല്ലറിക്ക് പിഴ ചുമത്തുകയും ചെയ്തു. 

ഏക സിവില്‍ കോഡ് നടപ്പില്ല; വ്യക്തി നിയമങ്ങളില്‍ ഭേദഗതിക്ക് നീക്കം


സൗദിവല്‍ക്കരണം നിലവില്‍ വന്ന ആദ്യ ദിവസമായ ഞായറാഴ്ച തായിഫില്‍ 48 ജ്വല്ലറികളില്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ പതിമൂന്നു നിയമ ലംഘനങ്ങള്‍ കണ്ടെത്തി. സൗദിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങളും പത്തു മറ്റു നിയമ ലംഘനങ്ങളുമാണ് ജ്വല്ലറികളില്‍ കണ്ടെത്തിയത്. അല്‍ഹസയില്‍ ഹുഫൂഫ്, മുബാറസ് എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ അല്‍ഹസ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ 12 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അല്‍ഹസയിലെ 63 ജ്വല്ലറികളിലാണ് പരിശോധന നടത്തിയത്. അനധികൃത താമസക്കാരനായ ഒരു വിദേശിയും പരിശോധനക്കിടെ പിടിയിലായി. അല്‍കോബാറില്‍ വിദേശികള്‍ ജോലി ചെയ്യുന്ന 17  ജ്വല്ലറികള്‍ കണ്ടെത്തി. മക്ക പ്രവിശ്യയില്‍ 252 ജ്വല്ലറികളില്‍ ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇതില്‍ 230 സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 

Latest News