Sorry, you need to enable JavaScript to visit this website.

ബിജെപി ഭൂലോക പകല്‍ക്കൊള്ളക്കാരെന്ന് മമത

കൊൽക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരം ചൂടുപിടിച്ച പശ്ചിമ ബംഗാളിൽ ബിജെപിക്കെതിരെ ആക്രമണത്തിന് എരിവേറ്റ് തൃണമൂൽ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി. ബിജെപിയുടെ തെറ്റായ നയങ്ങൾക്കെതിരെയാണ് അവർ നിലപാട് കടുപ്പിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാരിന്റെ പരിപാടിയെ കടന്നാക്രമിച്ച്, ലോകത്തിലെ ഏറ്റവും വലിയ പകൽക്കൊള്ളക്കാരാണ് ബിജെപിയെന്ന് മമത ആരോപിച്ചു. ധനക്കമ്മി കുറയ്ക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ കഴിഞ്ഞദിവസങ്ങളിൽ ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം. 

പിഎം കെയേഴ്സ് ഫണ്ടിലൂടെ എത്ര പണമാണ് ബിജെപി ഉണ്ടാക്കിയതെന്നതിന് കണക്കില്ലെന്ന് മമത ആരോപിച്ചു. സംസ്ഥാനത്ത് സമാധാനം നിലനിൽക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസ് മാത്രമാണ് ആശ്രയമെന്നും അവർ പറഞ്ഞു. റെയിൽവേയും ബിഎസ്എൻഎലും പൊതുമേഖലാ ബാങ്കുകളും വിറ്റഴിച്ച് ബിജെപി ജനങ്ങളുടെ കോടിക്കണക്കായ സമ്പത്തുകളെ കൊള്ളയടിക്കുകയാണെന്ന് മമത പറഞ്ഞു.

മണ്ഡലത്തിലെ തന്റെ എതിരാളി സുവേന്ദു അധികാരിയെ മിർ ജാഫർ എന്ന് ആക്ഷേപിക്കുന്നത് കഴിഞ്ഞദിവസത്തെ റാലിയിലും മമത തുടർന്നു. തൃണമൂൽ കോൺഗ്രസ്സുകാരനായി 2020 ഡിസംബർ വരെ തുടരുകയും മന്ത്രിപദങ്ങളിലെത്തുകയും ചെയ്തപ്പോഴും സുവേന്ദു ബിജെപിയുമായി ബന്ധം തുടർന്നിരുന്നെന്നാണ് മമത ആരോപിക്കുന്നത്.  

Latest News