Sorry, you need to enable JavaScript to visit this website.

നരസിംഹ റാവുവിന്റെ മകൾ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു; മത്സരിച്ചത് ടിആർഎസ് ടിക്കറ്റിൽ

ഹൈദരാബാദ്- കോണ്‍ഗ്രസ്‌ നേതാവായിരുന്ന മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകൾ തെലങ്കാന നിയമസഭാ കൗണ്‍സിലിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു. റാവുവിന്റെ മകളായ എസ് വാണിദേവിയാണ് തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാനാർത്ഥിയായി ബിജെപി എതിരാളിയെ തോൽപ്പിച്ചത്. മെഹബൂബ്നഗർ-രംഗറെഡ്ഢി-ഹൈദരാബാദ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ നിന്നാണ് വാണിദേവി ജയിച്ചിരിക്കുന്നത്. അസംബ്ലിയെക്കൂടാതെ കൗണ്‍സിലും പ്രവർത്തിക്കുന്ന, പാർലമെന്റ് പോലെ ഇരുസഭാ സംവിധാനമുള്ള സംസ്ഥാനങ്ങളിലാണ് എംഎൽസി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വിഭാഗങ്ങൾക്കായി പ്രത്യേകം സംവരണം ചെയ്ത മണ്ഡലങ്ങളാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലുള്ളത്.

വാണിദേവി തോൽപ്പിച്ചത് സിറ്റിങ് എംഎൽസിയായ എൻ രാമചന്ദർ റാവുവിനെയാണ്. മാർച്ച് 14നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് ഗ്രാജ്വേറ്റ്സ് സീറ്റുകളിലേക്കാണ് മാർച്ച് 14ന് തെരഞ്ഞെടുപ്പ് നടന്നത്. വാറംഗൽ-ഖമ്മം-നാൽകൊണ്ട സീറ്റിലും ടിആർഎസ് സ്ഥാനാർത്ഥിയാണ് ജയിച്ചത്. രണ്ട് മണ്ഡലത്തിലുമായി 10 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. രണ്ടിടങ്ങളിലെയും സ്ഥാനാർത്ഥികളുടെ എണ്ണം 150 കടന്നിരുന്നു. വാണീദേവിയുടെ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 67.26 ശതമാനം വോട്ടാണ്. കഴിഞ്ഞവർഷം നടന്ന ഹൈദരാബാദ് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു ശേഷം ഈ മണ്ഡലങ്ങൾ പിടിക്കുകയെന്നത് ടിആർഎസ്സിന്റെ അഭിമാനപ്രശ്നം കൂടിയായി മാറിയിരുന്നു.

Latest News