രണ്ടു കൈയും ഒരു കാലുമില്ല, എന്നിട്ടും അവള്‍ വിട്ടുപോയില്ല; അവിശ്വസനീയമായി ഒരു പ്രണയ കഥ

 ലാഹോര്‍- ദാവൂദ് സിദ്ദീഖിയും സനയും തമ്മിലുളള പ്രണയ കഥ അവിശ്വസനീയമാണ്. രണ്ട് കൈയും കാലും നഷ്ടമായ ദാവൂദിന് പല്ല് തേച്ച് കൊടുക്കുന്നതും വസ്ത്രം ധരിപ്പിക്കുന്നതും എല്ലാം ചെയ്യുന്നതും സനയാണ്. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് അവളുടെ മനക്കരുത്തിനെ വാഴ്ത്തി ദാവൂദ്. ലോകത്തെ എല്ലാറ്റിനേക്കാളും താന്‍ അവളെ സ്‌നേഹിക്കുന്നുവെന്നും.

ഡെയിലി പാകിസ്ഥാനാണ് ഇവരുടെ കഥ ലോകത്തോട് പറഞ്ഞത്. കൈയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് വൈദ്യതി ലൈനില്‍ തട്ടിയുണ്ടായ തീപ്പിടിത്തത്തില്‍നിന്ന് രക്ഷപ്പെടും മുമ്പേ ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങയിരുന്നു. ആശുപത്രിയിലെത്തിച്ച ദാവൂദിന്റെ കൈയും കാലും ഡോക്ടര്‍മാര്‍ മുറിച്ചുനീക്കുകയായിരുന്നു.

മാതാപിതാക്കളും കുടുംബാംഗങ്ങളും പരമാവധി എതിര്‍ത്തുവെങ്കിലും രണ്ടു കൈയും കാലുമില്ലാത്ത ദാവൂദിനെ വിവാഹം ചെയ്യുമെന്ന സനയുടെ തീരുമാനം മാറിയില്ല. ആശുപത്രി കിടക്കിയല്‍ ബോധം വീണ ദാവൂദിന്റെ മനസ്സില്‍ അപ്പോഴും സന തന്നെയായിരുന്നു. തൊട്ടടുത്ത കിടക്കയില്‍ അപകടത്തില്‍ ഒരു വിരല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാമുകി വിട്ടുപോയ ഒരാള്‍ കിടപ്പുണ്ടായിരുന്നു. സനക്ക് എന്തു സംഭവിക്കുമെന്നാണ് താന്‍ ചിന്തിച്ചു കൊണ്ടിരുന്നതെന്ന് ദാവൂദ് കഴിഞ്ഞ നവംബറില്‍ നടന്ന സംഭവങ്ങള്‍ അയവിറക്കിക്കൊണ്ട് പറഞ്ഞു.

 

ബന്ധുക്കള്‍ ദാവൂദിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പിന്നാലെ എത്തിയ താന്‍ കണ്ടത് ബാന്‍ഡേജില്‍ മൂടിയും മുഖം വീര്‍ത്തും കണ്ണുകളടച്ചും കിടക്കുന്ന ദാവൂദിനെയാണെന്നും പക്ഷേ കാതിനടുത്തെത്തി പേരു വിളിച്ചപ്പോള്‍ കണ്ണ് തുറന്നുവെന്നും സന പറഞ്ഞു.

 

ദാവൂദ് സിദ്ദീഖിയുടെ അമ്മാവന്റെ മകളാണ് സന. കുടുംബം ബന്ധക്കളെ ക്ഷണിച്ച് നല്‍കിയ അത്താഴ വിരുന്നിന് സനയും എത്തിയ ദിവസമായിരുന്നു അപകടം. വലിയ ഇരുമ്പ് ദണ്ഡ് വീടിന്റെ മേല്‍ക്കൂരയിലേക്ക് ഉയര്‍ത്താന്‍ പിതാവ് ദാവൂദിനോട് ആവശ്യപ്പെടുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉയര്‍ത്തിയപ്പോള്‍ അത് വൈദ്യുതി ലൈനില്‍ തട്ടുകയും ഷോക്കേല്‍ക്കകയുമായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്നപ്പോള്‍ മണ്ണ് വാരിയെറിഞ്ഞാണ് ബന്ധുക്കള്‍ അത് അണച്ചതും ആശുപത്രിയിലെത്തിച്ചതും.

Latest News