പാലക്കാട്- ഹാദിയയുടെ വാർത്താസമ്മേളനമുണ്ടെന്ന് അറിയിച്ച് പാലക്കാട്ട് നിന്ന് ദൃശ്യമാധ്യമ പ്രവർത്തകരെ സേലത്തേക്ക് ക്ഷണിച്ചു കൊണ്ടു പോയി വെറും കയ്യോടെ മടക്കിയയച്ചു.
തനിക്ക് മാധ്യമ പ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് ഹാദിയ സുരക്ഷാ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതോടെയാണ് 250 കിലോമീറ്റർ ദൂരം തിരക്കിട്ട് സഞ്ചരിച്ച ചാനൽ റിപ്പോർട്ടർമാരുടെ സംഘത്തിന് മടങ്ങിപ്പോരേണ്ടി വന്നത്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ആണ് ഹാദിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇന്നലെ ഉച്ചക്ക് സേലത്തെ കോളേജിൽ എത്തിയാൽ കാണാൻ കഴിയുമെന്നും പ്രധാന ന്യൂസ് ചാനലുകളുടെ ഓഫീസുകളിൽ വിളിച്ചറിയിച്ചത്. പാലക്കാട്ടു നിന്ന് ചാനൽ പ്രവർത്തകരുടെ വൻ സംഘം പുലർച്ചെ യാത്ര തിരിച്ച് പതിനൊന്നു മണിയോടെ സേലത്തെ ശിവരാജ് ഹോമിയോ കോളേജിൽ എത്തി.
ഹാദിയയുടെ വാർത്താ സമ്മേളനത്തിന്റെ കാര്യം സുരക്ഷാ ഉദ്യോഗസ്ഥരാരും അറിഞ്ഞിരുന്നില്ല. തുടർന്ന് സേലം സിറ്റി പോലീസ് കമ്മീഷണർ സുബ്ബലക്ഷ്മി ഹാദിയയുമായി ബന്ധപ്പെട്ടു. തനിക്ക് മാധ്യമ പ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് ഹാദിയ വ്യക്തമാക്കി. കോളേജ് പ്രിൻസിപ്പൽ ജി. കണ്ണനോടും ഹാദിയ അതു തന്നെയാണ് പറഞ്ഞത്. ഷെഫിൻ ജഹാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മാധ്യമ പ്രവർത്തകരോട് സേലത്തെത്താൻ ആവശ്യപ്പെട്ടതെന്നാണ് ബന്ധപ്പെട്ട അഭിഭാഷകൻ നൽകുന്ന വിശദീകരണം.