ഇ.ഡിക്കെതിരെ മൊഴി നല്‍കിയ വനിതാ പോലീസുകാരുടെ പണി കളയാന്‍ നീക്കം

കൊച്ചി- മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കണ്ടെന്നു മൊഴി നല്‍കിയ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കത്തു നല്‍കി. ഇവരുടേതു വ്യാജ മൊഴിയാണെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ആരോപണം.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സമ്മര്‍ദമുണ്ടെന്നു സ്വപ്ന ആരോടോ ടെലിഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിലാണു തര്‍ക്കത്തിന്റെ തുടക്കം. കസ്റ്റംസ് കേസില്‍ മജിസ്ട്രേറ്റിനു സ്വപ്ന നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ പങ്കിനെപ്പറ്റി പറയുന്നുണ്ടെന്നു കസ്റ്റംസ് കമ്മിഷണര്‍ കോടതിയെ അറിയിച്ചതോടെ വിവാദം പുതിയ തലത്തിലെത്തി.

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിക്കുന്നതു കേട്ടെന്നു രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. സ്വപ്നയുടെ ശബ്ദരേഖയെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഇവര്‍ മൊഴി നല്‍കിയത്. സമാനമായ ആരോപണമടങ്ങിയ കത്ത് സ്വര്‍ണക്കടത്തു കേസിലെ കൂട്ടുപ്രതി സന്ദീപ് നായര്‍ കോടതിക്കു നല്‍കിയിട്ടുണ്ട്.

തനിക്കു മേല്‍ സമ്മര്‍ദമുണ്ടായെന്നു മജിസ്ട്രേറ്റിനു മുന്നില്‍പ്പോലും സ്വപ്ന പരാതിപ്പെട്ടിട്ടില്ലെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടുന്നു. സ്വപ്നയുടെ എസ്‌കോര്‍ട്ട് ജോലിമാത്രമുള്ള പോലീസ് ഉദ്യോഗസ്ഥകള്‍ മൊഴിയെടുക്കല്‍ കേട്ടെന്ന് അവകാശപ്പെടുന്നതിന്റെ വിശ്വാസ്യതയും ഇ.ഡി. ചോദ്യംചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കിട്ടിയാലുടന്‍ കോടതിയെ സമീപിക്കാനാണ് നീക്കം.

ഇതേ കാരണങ്ങള്‍ വിവരിച്ചാണ് പോലീസുകാരികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്കു കത്തു നല്‍കിയത്. അറസ്റ്റിലായി എട്ടു മാസത്തിനുശേഷം സന്ദീപ് നായര്‍ ഉന്നയിച്ച പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. പോലീസ് ഉദ്യോഗസ്ഥകളുടെ മൊഴിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്നു.

 

Latest News