Sorry, you need to enable JavaScript to visit this website.

പി.സി. ജോർജ് പാലം കടക്കുമോ; കേരളം ശ്രദ്ധിക്കുന്ന പോരാട്ടമായി പൂഞ്ഞാർ

കോട്ടയം- പൂഞ്ഞാറിൽ ഇക്കുറി ആരു വിജയിക്കും. കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി പൂഞ്ഞാറിന്റെ മേലങ്കിയായ പി.സി. ജോർജോ അതോ രണ്ടും കൽപ്പിച്ച് രംഗത്ത് ഇറങ്ങിയിരിക്കുന്ന എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളോ അതോ കറുത്ത കുതിരകളാകാൻ ബി.ജെ.പിയോ. ഏതായാലും പൂഞ്ഞാറിന്റെ സമകാലീന ചരിത്രവും വർത്തമാനവും പി.സി. ജോർജ് എന്ന പൂഞ്ഞാർ ആശാന് ഇതുവരെ സ്വന്തമാണ്. പരാജയം അറിയാത്ത പോരാളിയെ വീഴ്ത്താൻ കേരള കോൺഗ്രസ് എമ്മിന്റെ ഇടതു സ്ഥാനാർഥി സെബാസ്റ്റിയൻ കുളത്തുങ്കലിനു കഴിയുമോ. അതോ നാട്ടുകാരനായ കോൺഗ്രസ് നേതാവ് ടോമി കല്ലാനിയോ.

പൂഞ്ഞാറിൽ ത്രികോണമത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി ടോമി കല്ലാനിയും സെബാസ്റ്റിയൻ കുളത്തുങ്കിലും കളം നിറയുകയാണ്. ടോമി നാട്ടുകാരനാണെങ്കിൽ സെബാസ്റ്റിയൻ കുളത്തുങ്കൽ മണ്ഡലത്തിൽതന്നെയുള്ള മുണ്ടക്കയം സ്വദേശിയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കുളത്തുങ്കലിന്റെ പ്രസിഡന്റ് കാലാവധിയാണ് കോൺഗ്രസുമായുള്ള വഴിപിരിയിലിന് വഴിമരുന്നിട്ടത്. കേരള കോൺഗ്രസ് എമ്മിന് അത്ര പ്രിയപ്പെട്ടയാളാണ് കുളത്തുങ്കൽ. മണ്ഡലത്തിൽ ആദ്യം പ്രവർത്തനം തുടങ്ങിയ മുന്നണി സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലാണ്. ജോസ് കെ. മാണിയുടെ വിശ്വസ്തൻ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള മികവിന്റെ റെക്കോഡുമായാണ് വരവ്.
എൻ.ഡി.എ സ്ഥാനാർഥിത്വം ഒരു തർക്കത്തിലായിരുന്നു. ആദ്യം ഉല്ലാസ്. പിന്നെ അവസാനം കളത്തിലെത്തിയ എൻ.ഡി.എ. സ്ഥാനാർഥി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ. ബി.ജെ.പി മുന്നണിയുടെ ഭാഗമായിരുന്നു പി.സി. ജോർജ് ഇടയ്ക്ക്. 


ഈരാറ്റുപേട്ട നഗരസഭയും ഒൻപത് പഞ്ചായത്തുകളുമുള്ള പൂഞ്ഞാർ സംസ്ഥാനത്തെ വലിയ നിയമസഭാ മണ്ഡലമാണ്. നഗരസഭാ ഭരണം യു.ഡി.എഫിനാണ്. തീക്കോയി, കോരുത്തോട് പഞ്ചായത്തുകളിലും യു.ഡി.എഫ്. ശേഷിക്കുന്ന പഞ്ചായത്തുകളെല്ലാം ഇടതുമുന്നണിക്ക്. ഇടുക്കിയും പത്തനംതിട്ടയും അതിരിടുന്ന മണ്ഡലത്തിൽ തീക്കോയി, എരുമേലി പഞ്ചായത്തുകളാണ് കോട്ടയത്തിന്റെ അവസാനയിടം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഐക്യമുന്നണിക്കും വിജയം നൽകുന്ന പൂഞ്ഞാർ നിയമസഭയിൽ ജോർജ് പക്ഷത്താണ് ഇതുവരെ. കഴിഞ്ഞ തവണ ജോർജ് ഇടതു പക്ഷത്തുവരുമെന്നായിരുന്നു കേട്ടത്. ഇക്കുറി യു.ഡി.ഫിലും. കഴിഞ്ഞ തവണ സ്വതന്ത്രനായി നിന്ന് 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2011 ൽ 15,704 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

നേരത്തെ പ്രവർത്തനം തുടങ്ങിയ പി.സി. ഇക്കുറി ആദ്യം യു.ഡി.എഫ്. മുന്നണിയുടെ പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ഡി.സി.സി. കർശനമായി എതിർത്തതോടെ കോൺഗ്രസ് പിൻമാറി. ഉമ്മൻചാണ്ടിയെ ശകാരിച്ച് തുടങ്ങിയ ജോർജ് ആരുടെയും പിന്തുണ വേണ്ടെന്ന് നിശ്ചയിച്ചു. ഒരുവേള എൻ.ഡി.എ. പിന്തുണക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഒരു മുന്നണിയിലും ഇല്ലെങ്കിലും ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് ജോർജ്. ഇതുവരെ രണ്ട് റൗണ്ട് പ്രചാരണം പൂർത്തിയായി. മകൻ ഷോൺ ജോർജിന്റെ നേതൃത്വത്തിൽ ചിട്ടയായി വോട്ടുതേടൽ മുന്നോട്ടുപോകുന്നു. ജില്ലാ പഞ്ചായത്തിൽ വിജയിച്ച ഷോണിന് പ്രചാരണത്തിന്റെ വഴികൾ സുനിശ്ചയം.


കൈപ്പത്തി ചിഹ്നത്തിൽ ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ് അണികൾ. പല പേരുകൾ മാറിമറിഞ്ഞ് അവസാനം നാട്ടുകാരൻതന്നെ എത്തി. മുൻ ഡി.സി.സി. അധ്യക്ഷൻ ടോമി കല്ലാനിക്കിത് കന്നി തെരഞ്ഞെടുപ്പ് പോരാട്ടമാണ്. നാട്ടിലൊരു അട്ടിമറി വിജയമാണ് കല്ലാനിയുടെ ലക്ഷ്യം.എൻ.ഡി.എ. സ്ഥാനാർഥിയായി ആദ്യം നിശ്ചയിച്ച ബി.ഡി.ജെ.എസ്. നേതാവ് എം.ആർ. ഉല്ലാസ് സാങ്കേതികപ്രശ്‌നങ്ങളാൽ മാറി. എം.പി. സെന്നാണ് നിലവിൽ സ്ഥാനാർഥിയെന്ന് അറിയിച്ചിട്ടുള്ളത്. ഇവിടെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും പത്രിക നൽകിയിട്ടുണ്ട്. സെന്നാണ് സ്ഥാനാർഥിയെന്ന് മുന്നണി വ്യക്തമാക്കി. നോബിൾ ഡമ്മി സ്ഥാനാർഥിയായിട്ടാണ് പത്രിക നൽകിയതത്രെ. എതായാലും പൂഞ്ഞാറിലെ പോരാട്ടം കടുക്കുകയാണ്. മീനച്ചിലാറിന്റെ കരയിൽ വെയിലു മറന്നുള്ള പോരാട്ടം.


 

Latest News