ജിദ്ദ- കൊണ്ടോട്ടി മണ്ഡലം കെ.എം. സി.സി ജിദ്ദയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഴിമതിക്കും അനീതിക്കുമെതിരെ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുമെന്ന് കെ.എം. സി.സി കൺവെൻഷനിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാനത്തെ പാടെ ദുർബലമാക്കിയ അഞ്ചു വർഷമാണ് കഴിഞ്ഞു പോയതെന്നും യൂനിവേഴ്‌സിറ്റി പരീക്ഷകളും പി.എസ്.സി റാങ്ക് ലിസ്റ്റുകളും അടക്കമുള്ള സംവിധാനങ്ങളെ അട്ടിമറിച്ചുവെന്നും അവർ പറഞ്ഞു. സ്വാജനപക്ഷപാതവും അഴിമതിയും നടത്തി അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ യുവതീ യുവാക്കളെ പെരുവഴിലാക്കിയ സർക്കാരായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലം നാട് ഭരിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത് പ്രവാസികൾക്ക് താങ്ങാവേണ്ട സർക്കാർ പ്രവാസികളോട് അനീതിയും അക്രമവുമാണ് നടത്തിയതെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി അഭിപ്രായപ്പെട്ടു.
ഷറഫിയ ഇമ്പീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി നേതാക്കളായ വി.പി മുസ്തഫ, നാസർ മച്ചിങ്ങൽ, ജില്ലാ കമ്മിറ്റി ചെയർമാൻ ബാബു നഹ്ദി, മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലൻ, നാസർ ഒളവട്ടൂർ, എം.കെ നൗഷാദ്, കെ.എൻ.എ ലത്തീഫ്, റഹ്മത്തലി തുറക്കൽ, കുഞ്ഞിമുഹമ്മദ് ഒളവട്ടൂർ, ലത്തീഫ് കൊട്ടുപാടം, അൻവർ വെട്ടുപാറ, കെ.പി അബ്ദുറഹ്മാൻ ഹാജി, അബ്ബാസ് മുസ്‌ലിയാരങ്ങാടി, ഷറഫു വാഴക്കാട്, മുഹമ്മദ്കുട്ടി മുണ്ടക്കുളം, ലത്തീഫ് പൊന്നാട്, അബൂബക്കർ ഹാജി ചെറുകാവ്, നാസർ കാളോത്ത്, റഷീദ് അലി, ഇ.പി സലീം തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അയക്കോടൻ സ്വാഗതവും കബീർ പാമ്പോടൻ നന്ദിയും പറഞ്ഞു.






