Sorry, you need to enable JavaScript to visit this website.

ഇടതു സർക്കാർ കേരളത്തെ മദ്യാലയമാക്കിയെന്ന് കെ.സി.ബി.സി

കൊച്ചി- മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും ഇടതു മുന്നണിയുടേതെന്ന് അവകാശപ്പെട്ട് അധികാരത്തിൽവന്ന സർക്കാർ കേരളത്തെ അക്ഷരാർഥത്തിൽ മദ്യാലയമാക്കി മാറ്റിയെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷൻ സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ്. പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സി മദ്യവിരുദ്ധസമിതി 22-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 29 ബാറുകൾ ഉണ്ടായിരുന്നിടത്ത് ഇടതുസർക്കാർ അത് 624 ബാറുകളാക്കി ഉയർത്തി. 
അടച്ചുപൂട്ടിയ ബാറുകൾ തുറക്കില്ലെന്നു പറയുകയും എന്നാൽ എല്ലാം തുറന്നുകൊടുക്കുകയും പുതുതായി അനുവദിക്കുകയും ചെയ്തു. ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാക്കില്ലെന്നു പറഞ്ഞിടത്ത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 65,000 കോടി രൂപയുടെ മദ്യമാണ് സർക്കാർ മലയാളിയെകൊണ്ട് കുടിപ്പിച്ചത്. മദ്യലോബികളുടെ അടിമകളായി ഒരു ജനാധിപത്യസർക്കാർ ഒരിക്കലും മാറരുത്. മദ്യവർജനവും മദ്യനിരോധനവും ഒന്നിച്ചുപോകുന്ന നയമാണ് സർക്കാർ ആവിഷ്‌കരിക്കേണ്ടതെന്നും ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് പറഞ്ഞു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ സംസാരിച്ചു. മദ്യനിരോധനം നയമായി സ്വീകരിക്കുന്ന മുന്നണികൾക്കും പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി അവതരിപ്പിച്ചു. മികച്ച മദ്യവിരുദ്ധ പ്രവർത്തനത്തിനുള്ള കെ.സി.ബി.സി ബിഷപ് മാക്കീൽ അവാർഡ് നേടിയ തലശ്ശേരി അതിരൂപതയ്ക്ക് പുരസ്‌കാരം നൽകി.

 

Latest News