കൽപറ്റ- വയനാട്ടിൽ കോൺഗ്രസിന്റെ ടീം സ്പിരിറ്റിനു ഒട്ടും കുറവില്ലെന്നു കെ.പി.സി.സി വൈസ് പ്രസിഡന്റും കൽപറ്റ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ ടി. സിദ്ദീഖ്. ചെറിയ രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കു സ്ഥാനാർഥി പ്രഖ്യാപനത്തോടെ വിരാമമായെന്നും കോൺഗ്രസും ഘടക കക്ഷികളും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിയമസഭാംഗമാകാൻ ജനം അനുവദിച്ചാൽ മണ്ഡലത്തിനുവേണ്ടി ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. എൽ.ഡി.എഫ് ഭരണത്തിൽ മണ്ഡലത്തിലുണ്ടായ വികസന നഷ്ടങ്ങൾക്കു പരിഹാരം കാണും. വയനാട് മെഡിക്കൽ കോളേജിനായുള്ള സ്ഥിരനിർമാണം കൽപറ്റ മണ്ഡലത്തിൽ നടത്തുന്നതിനു ആവശ്യമായ ഇടപെടൽ നടത്തും. മെഡിക്കൽ കോളേജ് വിഷയത്തിൽ ഇടതു സർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയാണ് ചെയ്തത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തു വയനാട് മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം നടത്തിയതാണ്. ഇവിടെനിന്നു ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ എൽ.ഡി.എഫ് സർക്കാരിനായില്ല. ഒടുവിൽ ഭരണം അവസാനിക്കാറായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനു മാനന്തവാടി ജില്ലാ ആശുപത്രി താൽക്കാലികമായി മെഡിക്കൽ കോളേജായി ഉയർത്തി. ബോർഡ് മാറ്റിയതല്ലാതെ ഒരു മാറ്റവും അവിടെ ഉണ്ടായില്ല.
വയനാട് റെയിൽ പദ്ധതി അട്ടിമറിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ സർവേയ്ക്കുള്ള പണം ഡൽഹി മെട്രോ റെയിൽ കോർപറേഷനു അനുവദിച്ചു മുൻ യു.ഡി.എഫ് സർക്കാർ ഉത്തരവായതാണ്. എന്നാൽ എൽ.ഡി.എഫ് സർക്കാർ ഈ തുക വിട്ടുകൊടുത്തില്ല. ഭരണതലത്തിലെ കണ്ണൂർ ലോബിയുടെ സ്വാധീനത്തിനു വഴങ്ങിയാണ് റെയിൽ പദ്ധതി അട്ടിമറിച്ചത്. കണ്ണൂർ ലോബി വയനാടിനെ പിളർത്താനും തളർത്താനും ശ്രമിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏതാനും പഞ്ചായത്തുകളിൽ നേട്ടമുണ്ടാകുന്നതിനു തട്ടിക്കൂട്ടിയതാണ് ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാത പദ്ധതി ലോഞ്ചിംഗ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. യഥാർഥത്തിൽ തുരങ്കപ്പാത പദ്ധതിക്കു മറവിൽ രാഷ്ട്രീയ പദ്ധതിയുടെ ലോഞ്ചിംഗാണ് നടന്നത്. വന്യജീവി സങ്കേതങ്ങൾക്കുചുറ്റും പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ചെയ്യുന്ന വിഷയത്തിലും ഇടതു സർക്കാർ ജനങ്ങളെ കബളിപ്പിച്ചു. വയനാട് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്നു കേന്ദ്ര മന്ത്രാലയത്തോടു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടില്ല. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ വനഭൂമി വനത്തിനും കൃഷി ഭൂമി കർഷകനും എന്നതാണ് യു.ഡി.എഫ് നിലപാട്.
രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ താൻ കൽപറ്റ മണ്ഡലത്തിനു അന്യനല്ല. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ മണ്ഡലത്തിൽ അനേകം പരിപാടികൾക്കെത്തിയിട്ടുണ്ട്. പ്രകൃതി ദുരന്താനന്തര പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. തോട്ടം മേഖലയിലേതടക്കം തെരഞ്ഞെടുപ്പു പ്രചാരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിയെന്ന നിലയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മണ്ഡലത്തിലെ രാഷ്ട്രീയ എതിരാളിയുടെ ശക്തിയെ കുറച്ചുകാണുന്നില്ല. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹം അങ്ങനെ തുടരുന്നതിനു ഉതകുന്നതായിരിക്കും കൽപറ്റയിലെ ജനവിധിയെന്നും സിദ്ദിഖ് പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ റസാഖ് കൽപറ്റ, പി.പി. ആലി, പി.ടി. ഗോപാലക്കുറുപ്പ്, ടി.ജെ. ഐസക്, വി.എ. മജീദ് എന്നിവർ കൂടെ ഉണ്ടായിരുന്നു.






