കണ്ണൂർ- ഇരിക്കൂർ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി കൂടിയാലോചിച്ച് മറുപടി നൽകുമെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കൂറിൽ നിയമസഭാ സീറ്റിന് പകരമായി എ വിഭാഗത്തിന് ഡി.സി.സി അധ്യക്ഷ പദവി നൽകുമെന്ന നിർദേശം അടഞ്ഞ അധ്യായമല്ല. ഐ വിഭാഗം നേതാക്കളുമായി ചർച്ച ചെയ്ത് സ്വീകാര്യമാണെങ്കിൽ മുന്നോട്ടു പോകും. ഈ പ്രശ്‌നത്തിൽ ഞാൻ ഒരു ഫോർമുലയും മുന്നോട്ടു വെച്ചിട്ടല്ല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ഈ വിഷയത്തിൽ ഉടൻ പരിഹാരം കാണേണ്ടതുണ്ട്. ഇരിക്കൂറിൽ നാളെ മണ്ഡലം കൺവെൻഷൻ വിളിച്ചിട്ടുണ്ട്. എല്ലാവരും പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മറ്റാരും മത്സര രംഗത്തിറങ്ങരുതെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെ നിർദേശിച്ചിരിക്കയാണ്. പ്രശ്‌നം ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഒരു പ്രശ്‌നം ഉണ്ടായാൽ അത് അവഗണിച്ച് മുന്നോട്ടു പോകാനാവില്ല. പരിഹരിച്ച് പോവുകയാണ് വേണ്ടത്. അതിൽ ഒരു ഫോർമുല ഫലപ്രദമല്ലെങ്കിൽ മറ്റൊരു ഫോർമുല വേണ്ടി വരും. യു.ഡി.എഫ് സ്ഥാനാർഥികളെ വിജയത്തിലെത്തിക്കുക മാത്രമാണ് മുന്നിലുള്ള അജണ്ട -സുധാകരൻ വ്യക്തമാക്കി.
ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ വിഭാഗത്തിന് നൽകാൻ ഐ വിഭാഗം സമ്മതിക്കുമോ എന്ന ചോദ്യത്തിന്, പ്രശ്‌നം പരിഹരിച്ചു പോകുന്ന മധ്യസ്ഥന്റ റോൾ മാത്രമാണ് തനിക്കെന്നായിരുന്നു സുധാകരന്റെ മറുപടി. എല്ലാവരുമായും നിരന്തരം ഫോണിലും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ശ്രദ്ധയിൽ പെടുത്തുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
രാജ്യസഭാ സീറ്റു നൽകി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമോ എന്ന ചോദ്യത്തിന് അതും പരിഗണിക്കാമെന്ന് സുധാകരൻ മറുപടി നൽകി. മലബാറിൽ അടുത്ത കാലത്തൊന്നും രാജ്യസഭാ സീറ്റ് ലഭിച്ചിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായമാണ്. ഇനി താൽപര്യമില്ല. നേമത്തും ധർമടത്തുമൊക്കെ മത്സരിക്കാൻ നേരത്തെ പറയണമായിരുന്നു. പറഞ്ഞില്ല. റെഡിയായില്ല. എന്റെ ശക്തി എന്റെ പ്രവർത്തകർ മാത്രമാണ് -സുധാകരൻ വ്യക്തമാക്കി.