കൽപറ്റ-തോൽപ്പെട്ടി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രത്തിലെ ടാക്സി ഡ്രൈവർ അരണപ്പാറ കോട്ടയ്ക്കൽ തോമസ് എന്ന ഷിമിയെ(28) കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മരണം കാട്ടാനയുടെ ആക്രമണത്തിലെത്തുന്ന വരുത്തിത്തീർക്കുന്നതിനു മൃതദേഹം വനാതിർത്തിയിൽ തള്ളിയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. അരണപ്പാറ വാകേരി പരുത്തിപ്പള്ളി ലിനു മാത്യു(37), അരണപ്പാറ വാകേരി ഗുണ്ടു എന്ന വി.ഡി.പ്രജീഷ്(31 ), അരണപ്പാറ പള്ളിമുക്ക് എം.എ.നിസാർ(41), ഷാഹുൽ ഹമീദ് എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് കോടതി വിട്ടയച്ചത്. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു.
2016 ഒക്ടോബർ 15ന് രാവിലെ അരണപ്പാറയിൽ റോഡിൽനിന്നു ഏകദേശം 200 മീറ്റർ മാറി വനാതിർത്തിയിൽ ആനപ്രതിരോധക്കിടങ്ങിനോടുചേർന്ന് കുറ്റിക്കാട്ടിൽ പ്രദേശവാസികളിൽ ചിലരാണ് തോമസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തോമസ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചുവെന്നായിരുന്നു നാട്ടുകാരുടെയും വനം-പോലീസ് സേനാംഗങ്ങളുടെയും പ്രാഥമിക നിഗമനം. തോമസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധവും നടത്തി. മൃതദേഹത്തിനടത്തു കമ്പിപ്പാരയും കുറച്ചുമാറി ചളിവെള്ളത്തിൽനിന്നു തോമസിന്റെ മൊബൈൽ ഫോണും കണ്ടെത്തിയതോടെയാണ് മരണകാരണത്തിൽ പോലീസിനും നാട്ടുകാർക്കും സംശയം ഉദിച്ചത്. അരണപ്പാറ പള്ളിമുക്കിൽനിന്നു ചോലയങ്ങാടിക്കുള്ള മൺപാതയുടെ ഭാഗത്ത് മുളകുപൊടി വിതറിയ നിലയിൽ കണ്ടതും പോലീസിന്റെ സംശയം ബലപ്പെടുത്തി. തുടർന്നു അന്നത്തെ മാനന്തവാടി എ.എസ്.പി ജെ.ജയദേവിന്റെ മേൽനോട്ടത്തിൽ സി.ഐ. ടി.എൻ.സജീവൻ, തിരുനെല്ലി എസ്.ഐ. ടി. മനോഹരൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതമാണെന്ന് ബോധ്യമായത്.
2016 ഒക്ടോബർ 14ന് രാത്രി ഒമ്പതരയോടെ തോമസ് പോകുന്ന വഴിയിൽ കാത്തുനിന്ന പ്രതികൾ സൗഹൃദം നടിച്ച് മദ്യപിക്കുന്നതിനായി കാട്ടിലേക്ക് ക്ഷണിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തോമസ് മരിച്ച വേളയിൽ വിദേശത്തായിരുന്ന ഷാഹുൽ ഹമീദ് ഗൂഢാലോചനയിൽ പങ്കാളിയാണെന്നു കണ്ടെത്തിയാണ് കേസിൽ പ്രതിയാക്കിയത്. കേസിൽ പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എം.ആർ.മോഹനൻ, കെ.എസ്.മോഹൻദാസ്, കെ.എം.മനോജ് കുമാർ എന്നിവർ ഹാജരായി.






