ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ മയക്കി സ്വര്‍ണവും മൊബൈലും കവര്‍ന്നു

ചെങ്ങന്നൂര്‍- ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ക്ഷേത്ര പൂജാരിയെ മയക്കിക്കിടത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേകി(26)ന്റെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.

വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റ് ചെയ്തത്. അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയിലാണെന്നും ചെങ്ങന്നൂരിലെത്തുമെന്നും കാണണമെന്നും യുവതി ആവശ്യപ്പെട്ടു.
തുടര്‍ന്ന്  വിവേക് ആശുപത്രിയിലെത്തി. യുവതി നേരത്തെ തന്നെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ കാമുകനോടൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്.

സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ വന്നപ്പോള്‍ ഗ്ലാസിലെ ബിയറില്‍ അസാധാരണമാംവിധം പത കാണപ്പെട്ടുവത്രേ
എന്നാല്‍ യുവതി അനുനയിപ്പിച്ച് ബിയര്‍ കുടിപ്പിച്ചു. തുടര്‍ന്ന് മയങ്ങിപ്പോയ വിവേക് പിറ്റേന്ന് രാവിലെ എട്ടരയോടെയാണ് ഉണര്‍ന്നത്. മൂന്നു പവന്റെ മാല, ഒന്നര പവന്റെ ബ്രേസ്‌ലെറ്റ്, ഒരു പവന്റെ മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടു.

 

Latest News