പാലക്കാട്- മെട്രോമാന്‍ ഇ. ശ്രീധരന്റെ കാല്‍കഴുകിയ സംഭവം വലിയ വിവാദമായിരിക്കെ, ന്യായീകരിച്ച് അദ്ദേഹം രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മറ്റുള്ളവര്‍ തന്റെ കാല്‍ കഴുകിയതില്‍ തെറ്റില്ലെന്നു ബി.ജെ.പി സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍ പറഞ്ഞു. അതു ഭാരതീയ സംസ്‌കാരമാണ്. ആരാധിക്കുകയല്ല, ബഹുമാനിക്കുകയാണു ചെയ്യുന്നത്. വിമര്‍ശിക്കുന്നവരുടെ ദേശഭക്തി അത്രയേ ഉള്ളൂവെന്നും ശ്രീധരന്‍ പാലക്കാട് പറഞ്ഞു.
വോട്ടര്‍മാര്‍ ശ്രീധരന്റെ കാല്‍ കഴുകുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ശ്രീധരനെ മാലയിട്ട്, കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ബിനോയ് വിശ്വം രംഗത്തുവന്നു.
താനും പലരുടേയും കാല്‍ കഴുകിയിട്ടുണ്ടെന്നും ഇനിയും കഴുകുമെന്നും ശ്രീധരന്‍ പറഞ്ഞു. എന്നാല്‍ സവര്‍ണ മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്കാണ്. കാല്‍ കഴുകല്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.