ബംഗളൂരു- ആര്‍.എസ്.എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന ദത്താത്രേയ ഹൊസബാലെയെ (65) പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബംഗളൂരുവില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയുടെ (എ.ബി.പി.എസ്) ദ്വിദിന വാര്‍ഷിക യോഗത്തില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം. ബി.ജെ.പി സര്‍ക്കാരുമായുള്ള ആര്‍.എസ്.എസിന്റെ ഏകോപനം കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ ഹൊസബാലെക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
കര്‍ണാടകയിലെ ശിവമോഗയിലെ സോറാബില്‍ ജനിച്ച ഹൊസബാലെ, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. 1968 ലാണ് ആര്‍.എസ്.എസില്‍ ചേര്‍ന്നത്. തുടക്കത്തില്‍ ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തില്‍ (എ.ബി.വി.പി) പ്രവര്‍ത്തിച്ചിരുന്നു. 2009 മുതല്‍ ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.






