റിയാദ് - റീ-എന്‍ട്രി വിസയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയ ശേഷം വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചെത്താത്തതു മൂലമുള്ള പ്രവേശന വിലക്ക് ആശ്രിത വിസക്കാര്‍ക്ക് ബാധമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഏഴു മാസം മുമ്പ് റീ-എന്‍ട്രിയില്‍ സ്വദേശത്തേക്ക് പോവും വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തതിനാല്‍ ഇഖാമ റദ്ദാക്കുകയും ചെയ്ത ഭാര്യയെയും മക്കളെയും വിസിറ്റ് വിസയില്‍ സൗദിയിലേക്ക് കൊണ്ടുവരാന്‍ വല്ല തടസ്സവുമുണ്ടോയെന്ന് ആരാഞ്ഞ് വിദേശികളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് ആശ്രിത വിസക്കാര്‍ക്ക് ബാധകമല്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്ത വിദേശ തൊഴിലാളികള്‍ക്ക് മൂന്നു വര്‍ഷ വിലക്ക് ബാധകമാണ്. മൂന്നു കൊല്ലം പിന്നിടാതെ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. എന്നാല്‍ പഴയ തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യുന്നതിന് പുതിയ വിസയില്‍ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് ഇവര്‍ക്ക് വിലക്ക് ബാധകമല്ല.