മൂന്നിടത്ത് സ്ഥാനാർത്ഥികളില്ല, നാണം കെട്ട്, ആത്മവിശ്വാസം നഷ്ടമായി ബി.ജെ.പി

കോഴിക്കോട്- മൂന്നിടത്ത് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതോടെ ബി.ജെ.പി എത്തിപ്പെട്ടത് വൻ പ്രതിസന്ധിയിൽ. മലബാറിൽ ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലങ്ങളിൽ ഒന്നായ തലശേരിയിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ലത്തതായിരുന്നു കാരണം. ഈ മാസം 25ന് തലശേരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. തലശേരിയിൽ സംഭവിച്ച അതേ പിഴവാണ് ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് സംഭവിച്ചത്. ഇവിടെയും സ്ഥാനാർത്ഥിയുടെ പത്രികയിൽ സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല. ദേവികുളത്തെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയിട്ടുണ്ട്. ക്ലറിക്കൽ പിഴവാണ് പത്രിക തള്ളാൻ കാരണമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്നാൽ മണ്ഡലങ്ങളിൽ സമാനമായ പിഴവ് സംഭവിച്ചത് യാദൃച്ഛികമല്ലെന്ന നിലപാടിലാണ് മറ്റു പാർട്ടികൾ. മണ്ഡലങ്ങളിലൊന്നും ഡമ്മി സ്ഥാനാർത്ഥികളുടെ പത്രികയും പൂർണ്ണമായിരുന്നില്ല. 
സി.പി.എം.-ബി.ജെ.പി കൂട്ടുകെട്ടിന്റെ ഫലമാണ് പത്രിക തള്ളാൻ കാരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ഇരുപാർട്ടികളും തമ്മിൽ നടക്കുന്ന കൊടുക്കൽ വാങ്ങലിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം, കോൺഗ്രസ്-ബി.ജെ.പി ധാരണയുടെ ഫലമാണ് ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളാൻ കാരണമെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. സിറ്റിംഗ് സീറ്റുകളിൽ വിജയിക്കാൻ സി.പി.എമ്മിന് ബി.ജെ.പിയുടെ സഹായം ആവശ്യമില്ലെന്നും കോൺഗ്രസിനെ സഹായിക്കാനാണ് അപൂർണമായ പട്ടിക ബി.ജെ.പി സമർപ്പിച്ചതെന്നും ജയരാജൻ ആരോപിച്ചു. 
കേരളത്തിൽ വർധിത വീര്യത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബി.ജെ.പിക്കേറ്റ ശക്തമായ തിരിച്ചടിയാണ് മൂന്നിടങ്ങളിലും പത്രിക തള്ളിയ സംഭവം. മറ്റു മണ്ഡലങ്ങളിലെ പ്രവർത്തകരുടെ ആത്മവിശ്വാസത്തെ പോലും ഈ സംഭവം പ്രതികൂലമായി ബാധിക്കും. നിർണ്ണായകമായ തെരഞ്ഞെടുപ്പിനെ പോലും എത്ര ലാഘവത്തോടെയാണ് ബി.ജെ.പി കാണുന്നത് എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.
 

Latest News