റിയാദില്‍ യുവതിയെ ആക്രമിച്ച് വാനിറ്റി ബാഗ് കവര്‍ന്നു; വിദേശിയെ തെരയുന്നു-video

റിയാദ് - തലസ്ഥാന നഗരിയിലെ അല്‍ജറാദിയ ഡിസ്ട്രിക്ടില്‍ യുവതിയുടെ വാനിറ്റി ബാഗ് വിദേശ യുവാവ് തട്ടിപ്പറിച്ചു. യുവാവിന്റെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പിഞ്ചുമകള്‍ക്കൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യുവതിയെ വിദേശ യുവാവ് ആക്രമിച്ചത്.
മറ്റാരുമില്ലാത്ത തക്കം നോക്കി യുവതിക്കു സമീപം എത്തി എന്തോ സംസാരിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്ത യുവാവില്‍ നിന്ന് അകന്നുനില്‍ക്കാന്‍ യുവതി നോക്കിയെങ്കിലും വിജയിച്ചില്ല. യുവാവ് വിടാതെ പിന്തുടര്‍ന്നതോടെ യുവതി ഓടിരക്ഷപ്പെടാന്‍ നോക്കി.
ഇതിനിടെ യുവതിയെ കടന്നുപിടിച്ച പ്രതി ആക്രമിച്ചും അതിശക്തിയില്‍ ഭിത്തിയിലേക്ക് തള്ളിയും വാനിറ്റി ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. തള്ളലില്‍ മതിലില്‍ ഇടിച്ച് യുവതി നിലത്ത് വീണ യുവതി ബോധരഹിതയായി. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിയെ എത്രയും വേഗം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു.
ജിദ്ദയില്‍ വാണിജ്യ കേന്ദ്രത്തിനു മുന്നില്‍ വെച്ച് വനിതാ ഉപയോക്താവിന മറ്റൊരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വനിതാ ഉപയോക്താവിനെ പ്രതി തടഞ്ഞുനിര്‍ത്തുകയും ദേഹത്ത് മുട്ടുകയും  വാക്കേറ്റത്തിനൊടുവില്‍ സ്ഥലം വിടുകയുമായിരുന്നു.

 

Latest News