മലപ്പുറം- കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കാട്ടുപ്പരുത്തി സുലൈമാൻ ഹാജിയുടെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിവെച്ചു. ജീവിതപങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിർദേശ പത്രികയിൽ നൽകിയിട്ടില്ല. ഭാര്യയുടെ വിവരങ്ങൾ നൽകേണ്ടിടത്ത് ബാധകമല്ല എന്നാണ് രേഖപ്പെടുത്തിയത്.
സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ്്ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതി നൽകിയിരുന്നു. ഇവരിൽ പാക്കിസ്ഥാൻ സ്വദേശിയായ ഭാര്യ സൗദിയിലാണുള്ളത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശിയായ ഹിറാ മുഹമ്മദ് സഫ്ദറാണ് സുലൈമാൻ ഹാജിയുടെ ഒരു ഭാര്യ.
നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ല. സ്വത്തു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ലീഗ് ആരോപിച്ചു. സുലൈമാൻ ഹാജിയുടെ പത്രിക അപൂർണമാണെന്ന് ആരോപണം ഉയർന്നതോടെയാണ് പരിശോധന പൂർത്തിയാക്കാതെ മാറ്റിവെച്ചത്.






