സ്വന്തം മരണ വാര്‍ത്ത നല്‍കി നാടുവിട്ട ജോസഫ് പിടിയില്‍

മക്കള്‍ പരിഗണിക്കാത്തതാണ് വീടുവിടാന്‍ കാരണമെന്നും കുടുംബത്തിന്റെ സ്‌നേഹം മനസ്സിലാക്കാനാണ് പരസ്യം നല്‍കിയതെന്നും വിശദീകരണം

കോട്ടയം- ചരമ പരസ്യവും വാര്‍ത്തയും നല്‍കിയ ശേഷം മുങ്ങിയ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുകുന്നേലിനെ (75) കോട്ടയത്ത്് കണ്ടെത്തി. ഇന്നലെ ഐശ്വര്യ ഹോട്ടലിലാണ്്് പോലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തിയത്്. ഭര്‍ത്താവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മേരിക്കുട്ടി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. തളിപ്പറമ്പ്് പോലീസും കോട്ടയത്ത് എത്തി.

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച ജോസഫിനെ പോലീസ് വൈകുന്നേരം ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്ക് വിട്ടയച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജോസഫിനെ തളിപ്പറമ്പിലേക്ക് കൊണ്ടുപോകുന്നതിനായി കോഴിച്ചാലിലെ മകള്‍ ഷീബ ജോസും മരുമകന്‍ ജോസ് അഗസ്റ്റിനും മകന്‍ ഷാജു ജോസഫും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം കോട്ടയത്തെത്തി. തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോസഫിനെ തളിപ്പറമ്പിലേയ്ക്കു കൊണ്ടുപോയി. ഇന്നു തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. മക്കള്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന കാരണത്താലാണ് താന്‍ വീട് വിട്ടതെന്ന് ജോസഫ് പോലീസിനോട് പറഞ്ഞു. കുടുംബത്തിന് തന്നോടുള്ള സ്‌നേഹം അറിയാനാണ് പരസ്യം കൊടുത്തത്. ജീവനൊടുക്കുക തന്നെയായിരുന്നു ലക്ഷ്യം. അത് താന്‍ ജനിച്ച് വളര്‍ന്ന കോട്ടയത്താകണമെന്നും തീരുമാനിച്ചിരുന്നു. അതിനായാണ് ഇവിടെ എത്തിയത്. കടുത്തുരുത്തിയിലുള്ള ബന്ധുക്കളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇന്നലെ പോലീസ് കോട്ടയത്തുള്ള എല്ലാ ഹോട്ടലുകളിലും ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചു പരിശോധന നടത്തിയിരുന്നു. ഐശ്വര്യ ലോഡ്ജില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ ഇന്നലെ രാവിലെ മുതല്‍ ഒരാള്‍ താമസിക്കുന്നുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
കുടുംബ പ്രശ്നമാണ് ഇത്തരത്തില്‍ മാറി നില്‍ക്കാന്‍ കാരണമെന്ന് ജോസഫ് പറയുന്നു. വേണമെകില്‍ ആള്‍മാറാട്ടത്തിന് ജോസഫിന്റെ പേരില്‍ പോലീസിന് കേസെടുക്കാം. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായ ജോസഫ് തിങ്കളാഴ്ച കോട്ടയം പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്കിലെത്തിയിരുന്നു.

ഉച്ചക്ക്് രണ്ടരയോടെ ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണ വാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍.സി.സിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന് കണ്ടെത്തിയതായും സെക്രട്ടറിയോട് പറഞ്ഞു. അവിടെ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതത്താല്‍ മരിച്ചെന്ന് പറഞ്ഞ് ജോസഫ് പൊട്ടിക്കരഞ്ഞുവത്രേ. തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍ തുകയും എ.ടി.എം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ച ശേഷം മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
താങ്കള്‍ക്കു തന്നെ നേരിട്ട് കൊടുത്തു കൂടേയെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്ക് സംശയം തോന്നി. ജോസഫിനെ കാണാതായതു സംബന്ധിച്ച് കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയുമായ വി.വി.പ്രിന്‍സ് വാട്ട്‌സാപ്പ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യം ഓര്‍മിച്ച ശിവജി മൊബൈല്‍ ഫോണില്‍ പ്രിന്‍സിനെ വിളിച്ചു. ഇരുവരും തമ്മിലുള്ള സംസാരം കേട്ടയുടന്‍ ജോസഫ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. പ്രിന്‍സ് ഇക്കാര്യം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിനെ അറിയിച്ചു.
വേണുഗോപാല്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി പോലീസിനെ അയച്ച് നഗരമാകെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഡിവൈ.എസ്.പി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ജോസഫ് പിടിയിലാകുന്നത്. വൃത്തിയായി തേച്ച വെള്ളഷര്‍ട്ടും മുണ്ടുമായിരുന്നു ജോസഫിന്റെ വേഷം. കോട്ടയം ടൗണിലെ ഏതെങ്കിലും ലോഡ്ജില്‍ ജോസഫ് താമസിക്കുന്നുണ്ടാകുമെന്ന സൂചനയാണ് വിപുലമായ പോലീസ് അന്വേഷണത്തിലേക്ക്് നയിച്ചത്്.

 

Latest News