സ്ത്രീകള്‍ മുറിയന്‍ ജീന്‍സ് ധരിക്കുന്നത് ശരിയല്ലെങ്കിലും ക്ഷമ ചോദിക്കുന്നുവെന്ന് ബി.ജെ.പി മുഖ്യമന്ത്രി

ഡെറാഡൂണ്‍- സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ക്ഷമാപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമാപണം നടത്തുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം, മുറിയന്‍ ജീന്‍സ് ധരിച്ച് കാല്‍മുട്ടുകള്‍ കാണിക്കുന്നത് ശരിയല്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചുനിന്നു. കീറിയ ജീന്‍സണിഞ്ഞ് കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീകള്‍ തെറ്റായ സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നും അവർ സാമൂഹിക മൂല്യങ്ങളെ തരംതാഴ്ത്തുന്നുവെന്നുമായിരുന്നു തീരഥ് സിങ് റാവത്തിന്റെ പ്രസ്താവന. വിദേശികള്‍  ഇന്ത്യയുടെ സംസ്‌കാരത്തെ അനുകരിച്ച് യോഗ ചെയ്യുകയും ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രം ധരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ നഗ്‌നതാപ്രദര്‍ശനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും റാവത്ത് വ്യക്തമാക്കിയിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളിലുള്ള സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയിരിക്കുന്നത്.

കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ശില്‍പശലായിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവന നടത്തിയത്. സ്ത്രീകളുടെ വസ്ത്രം ശരിയാക്കാന്‍ വരുന്നതിനുമുമ്പ് മനസ്സ് ശരിയാക്കൂ എന്നായിരുന്നു മെഗാ സ്റ്റാർ അമിതാഭ് ബച്ചന്‍റെ പേര മകള്‍ നവ്യയുടെ പ്രതികരണം. ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കുന്നുവെന്ന് സമാജ് വാദി പാർട്ടി എം.പി ജയ ബച്ചന്‍ ചോദിച്ചു. പ്രധാനമന്ത്രി മോഡിയുടേയും ഗഡ്കരിയുടേയും മറ്റും കാലുകള്‍ കാണുന്നുവെന്ന് ആർ.എസ്.എസ് ഫോട്ടോകള്‍ ഷെയർ ചെയ്തു കൊണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.

 

Latest News