Sorry, you need to enable JavaScript to visit this website.

യുവ മുസ്‌ലിം നേതാവിന്റെ പാര്‍ട്ടിയുമായി സിപിഎം എങ്ങനെ ചേരും? യെച്ചൂരിയുടെ മറുപടി ഇങ്ങനെ

കൊൽക്കത്ത- പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ ഭരണവിരുദ്ധ വികാരത്തെ നേരിടുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങൾക്കു മുമ്പിൽ ഏക ബദൽ ബിജെപിയാണെന്ന നിലയുണ്ടായത് സിപിഎമ്മും കോൺഗ്രസ്സുമെല്ലാം വേറിട്ട് മത്സരിച്ചിരുന്നതു കൊണ്ടാണെന്നും ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടുവിഹിതം ചോർന്നത് പരിഹരിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, ഇത്തവണ ബിജെപിയിലെ ഉൾപ്പിണക്കങ്ങൾ അവരുടെ വിശ്വാസ്യതയെ തകർത്തിട്ടുണ്ടെന്നും അത് തങ്ങളുടെ സഖ്യത്തിന് ഗുണകരമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. 

അബ്ബാസ് സിദ്ദിഖിയെപ്പോലുള്ള മതനേതാക്കളെ കൂടെക്കൂട്ടുന്നത് ഒരു കമ്യൂണിസ്റ്റ് നേതാവ് എന്ന നിലയിൽ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് തങ്ങൾക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുണ്ടെന്നായിരുന്നു മറുപടി. അതാണ് മതേതരത്വവും ജനാധിപത്യവുമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യൻ സെക്യൂലർ ഫ്രണ്ട് എന്നാണ് തങ്ങളുടെ സഖ്യകക്ഷിയുടെ പേര്. അതിന്റെ തലപ്പത്തിരിക്കുന്നയാൾ ഗോത്രവർഗക്കാരനാണ്. ഉയർന്ന ജാതി ഹിന്ദുക്കളും ദളിതരും കൂട്ടത്തിലുണ്ട്. എൽജിബിടി പ്രവർത്തകരുമുണ്ട്. മതം വ്യക്തിപരമായ കാര്യമാണെന്നും അതിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബ്രിഗേഡ് പരേഡ് ഗ്രൌണ്ടിലെ റാലിയിൽ അബ്ബാസ് സിദ്ദിഖി വിളിച്ച മുദ്രാവാക്യവും യെച്ചൂരി ഓർമിപ്പിച്ചു. 'നമ്മൾ ഇന്ത്യാക്കാർ' എന്നതായിരുന്നു അത്. സിപിഎമ്മും വർഗീയ കാർഡിറക്കുകയാണെന്ന തോന്നുമെന്ന ചോദ്യത്തോട്, ആരാണ് വർഗീയ വാദികളെന്ന് എല്ലാവർക്കും അറിയാമെന്നും സിപിഎമ്മിന് ആരുടെയും സർട്ടിഫിക്കറ്റ് ഇക്കാര്യത്തിൽ ആവശ്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ഒരു തൂക്ക് മന്ത്രിസഭയുടെ സാധ്യതയാണ് തെളിയുന്നതെങ്കിൽ ബിജെപിയെ മാറ്റി നിർത്താൻ എന്തായിരിക്കും സിപിഎം ചെയ്യുകയെന്ന ചോദ്യത്തോട് ഇങ്ങനെയായിരുന്നു യെച്ചൂരിയുടെ മറുപടി: "അത്തരമൊരു സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന് നിങ്ങൾ തൃണമൂൽ കോൺഗ്രസ്സിനോട് ചോദിക്കണം. തൃണമൂൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നുവെന്നത് ഓർക്കണം. തൃണമൂലിന്റെ നേതാവ് വാജ്പേയീ മന്ത്രിസഭയിൽ രണ്ടുവട്ടം മന്ത്രിയുമായിരുന്നു," യെച്ചൂരി പറഞ്ഞു.

Latest News