Sorry, you need to enable JavaScript to visit this website.

കോവിഡ് പടർന്നു, ട്രംപിന്റെ ക്ലബ്ബ് ഭാഗികമായി അടച്ചു

ഫ്ളോറിഡ- മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാർ-എ-ലാഗോ ക്ലബ് ഭാഗികമായി അടച്ചു. ചില ജീവനക്കാർക്ക് കോവിഡ് പൊസിറ്റീവായതിനെ തുടർന്നാണ് ഫ്ലോറിഡയിലെ പാം ബീച്ചിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് അടച്ചത്. ക്ലബ്ബിന്റെ ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെടുന്ന ആളുകളടക്കമുള്ള ചിലർക്കാണ് കോവിഡ് ബാധിച്ചത്. ആവശ്യമായ മുൻകരുതലുകളെല്ലാം ക്ലബ്ബ് എടുക്കുന്നുണ്ടെന്ന് സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ടവർ അറിയിച്ചു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം അണുനശീകരണം നടത്തിയിട്ടുണ്ട്. നിലവിൽ ഡൈനിങ് റൂം അടക്കമുള്ള മേഖലകളാണ് അടച്ചിട്ടുള്ളത്. 

ട്രംപിന്റെ ഈ ഫ്ലോറിഡ റിസോർട്ട് വാർത്തകളിൽ നിറഞ്ഞത് കഴിഞ്ഞ ജനുവരി മാസത്തിലാണ്. 2024 തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ട്രംപും അനുയായികളും ഇവിടെ വെച്ച് ചർച്ച് ചെയ്യുന്നതായി അന്ന് റിപ്പോർട്ടുകൾ വന്നു. ഇവിടെ ട്രംപ് ഗോൾഫ് കളിയിൽ മുഴുകുന്നതിന്റെയും മറ്റും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ റിസോർട്ട് ക്ലബ്ബ് മെമ്പർമാർക്ക് മാത്രമായുള്ളതാണ്. 126 റൂമുകളാണ് മാർ-എ-ലാഗോയിലുള്ളത്. 1927ൽ പണി പൂർത്തിയാക്കിയ ഈ കെട്ടിടം 1985ൽ ട്രംപ് വാങ്ങി. 10 ദശലക്ഷം ഡോളറിന്റെ കച്ചവടമായിരുന്നു ഇത്. ഫ്ലോറിഡ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മാളികവീടാണിത്. നിലവിൽ മാർ-എ-ലാഗോയുടെ മൂല്യം 160 ദശലക്ഷം ഡോളർ വരും.

Latest News