ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്നു; ഇന്ന് ഈവര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധന

ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് കേസുകളില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 40,953 പുതിയ കോവിഡ് അണുബാധകളാണ് രേഖപ്പെടുത്തിയത്.  188 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,59,558 ആയി വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ  ശനിയാഴ്ച രാവിലെ എട്ട് മണിക്ക് അറിയിച്ച കണക്കാണിത്.
പുതിയ വര്‍ധനയോടെ രാജ്യത്ത് ആശുപത്രികളിലുള്ള കോവിഡ് രോഗികളുടെ  എണ്ണം 2.8 ലക്ഷം കടന്ന് 2,88,394 ആയി. ശനിയാഴ്ച നടന്ന മൊത്തം കേസുകള്‍ 11,555,284 ലെത്തി. ഇതില്‍ 2.36 ശതമാനം ആക്ടീവ് കേസുകളാണ്.
കഴിഞ്ഞ 10 ദിവസമായി രാജ്യത്ത് പ്രതിദിനം 20,000 ത്തിലധികം പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. ദിവസേനയുള്ള കേസുകളും ദിവസേനയുള്ള രോഗമുക്തിയും തമ്മിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 23,653 പേരാണ് രോഗമുക്തി നേടിയത്.

 

Latest News