ബംഗളൂരു- രാമക്ഷേത്ര ഫണ്ട് ശേഖരണത്തിനിടെ രാജ്യത്ത് ആര്‍.എസ്.എസ് വീടുകള്‍ക്ക് അടയാളമിട്ടുവെന്ന ആരോപണം സംഘടനയുടെ ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ നിഷേധിച്ചു. ബംഗളൂരുവില്‍ സംഘടിപ്പിച്ച ദ്വിദിന അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രത്തിനായി ഫണ്ട് നല്‍കിയവര്‍ മാത്രമല്ല, നല്‍കാത്തവരും സ്വന്തം ജനതയാണെന്നാണ് പ്രസ്ഥാനം വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് വീടുകളെ അടയാളപ്പെടുത്തിയെന്ന മാധ്യമങ്ങളുടെ പ്രചാരണം ശരിയല്ല.
ആര്‍എസ്എസ് ആളുകളിലേക്ക് എത്തിച്ചേരാനാണ് ഫണ്ട് ശേഖരിക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും ഫണ്ടിനു മാത്രമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
രാമനും രാമക്ഷേത്രവും ആരുടേയും കാരുണ്യമല്ല. ഫണ്ട് പിരിവ്ം ആരംഭിച്ചില്ലെങ്കില്‍പ്പോലും യാന്ത്രികമായി തന്നെ വരുന്നതാണ്. ജനങ്ങളിലേക്ക് എത്തിച്ചേരാനും രാമക്ഷേത്രം ഇത്രയും ഗംഭീരമായി പണിയുന്നതിന്റെ കാരണങ്ങളും അറിയിക്കാനാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്- അദ്ദേഹം വിശദീകരിച്ചു.
രാജ്യത്താകമാനം 20 ലക്ഷത്തിലധികം സംഘ് പ്രവര്‍ത്തകര്‍ 5,45,737 സ്ഥലങ്ങളില്‍ എത്തിയെന്നും 12.5 കോടി കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
മിസോറാം, ആന്‍ഡമാന്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഏറ്റവും പ്രയാസമേറിയ ഭൂപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും ചെറിയ വീടുകള്‍ പോലും സന്ദര്‍ശിച്ചുവെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.