ബംഗളൂരു- കർണാടകയിലെ യുവമോർച്ചാ പ്രവർത്തകരോട് കൂടുതൽ ആക്രമോത്സുകമായ പ്രതിഷേധങ്ങളായി തെരുവിലിറങ്ങാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചുവെന്ന് വെളിപ്പെടുത്തുന്ന വീഡിയോ വൈറലായതോടെ മൈസുരു എം.പി പ്രതാപ് സിംഹ വെട്ടിലായി. കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും ഉണ്ടാകുന്നതു വരെ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്താനാണ് അമിത് ഷായുടെ നിർദേശമെന്നും ഇത് അനുസരിക്കുമെന്ന് ഷായ്ക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നുമാണ് ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ബി.ജെ.പി എം.പിയായ പ്രതാപ് സിംഹ അണികളോട് പറയുന്നത്. ഹുൻസുരുവിൽ ഹനുമാൻ ജയന്തി ആഘോഷത്തിനു മുന്നോടിയായി കലാപ സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച പ്രതാപ് സിംഹയെ പോലീസ് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കിയിരുന്നു. ഇതു വിവാദമായതിനിടെയാണ് സിംഹയെ വെട്ടിലാക്കി പുതിയ വീഡിയോ കഴിഞ്ഞ ദിവസം വാട്‌സാപ്പിലും മറ്റു സോഷ്യൽ മീഡിയയിലും പ്രചരിച്ചത്.
ഇതു കർണാടകയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ബംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഷാ തന്നോട് ഇങ്ങനെ നിർദേശിച്ചതെന്നും സിംഹ വീഡിയോയിൽ പറയുന്നുണ്ട്. സിംഹ നേരത്തെ നടത്തിയ 27 മിനിറ്റ് ദൈർഘ്യമുള്ള ഫേസ്ബുക്ക് ലൈവിൽ നിന്നെടുത്ത ഒരു ഭാഗമാണിത്. ഇതു വ്യാജ വീഡിയോ ആണെന്ന് കഴിഞ്ഞ ദിവസം സിംഹ പറഞ്ഞിരുന്നു.
ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഹുൻസൂരിൽ വർഗീയ കലാപം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം വെളിച്ചെത്തായെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പാർട്ടി അണികൾക്കു നൽകുന്ന ഉപദേശം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും വർഗീയ ലഹളയുണ്ടാക്കാനാണ് പ്രതാപ് സിംഹ എം.പിയുടെ ശ്രമമെന്നും മുഖ്യമന്ത്രി സിദ്ധാരാമയ്യ ട്വീറ്റിലൂടെ അരോപിച്ചു.
മൈസുരു പോലീസ് സുപ്രണ്ട് രവി ചന്നന്നവർക്കെതിരെ പ്രതാപ് സിംഹ കടുത്ത രോഷ പ്രകടനവും നടത്തി. ഭരണകക്ഷിക്കു വേണ്ടി തന്റെ വീഡിയോകൾ മാധ്യമങ്ങൾ ചോർത്തി നൽകുന്നത് പോലീസാണെന്ന് സിംഹ ആരാപിച്ചു. ഹുൻസൂരിലെ ഒരു ചെക്ക് പോസ്റ്റിൽ പോലീസ് ബാരിക്കേഡ് വകവെക്കാതെ വാഹനമോടിച്ചു പോകുന്ന തന്റെ ദൃശ്യം ചോർത്തിയത് പോലീസ് സുപ്രണ്ടാണെന്നും സിംഹ ആരാപിക്കുന്നു.