ഗുജറാത്തിൽ രാഷ്ട്രീയ ഭൂകമ്പം? ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് സർവെ

ന്യൂദൽഹി- രണ്ടു പതിറ്റാണ്ടിലേറെ കാലമായി ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്ന് സർവേ. കോൺഗ്രസ് ഓരോ ഘട്ടത്തിലും മുന്നേറുകയാണെന്നും ഏറ്റവും പുതിയ സർവേ പറയുന്നു. 
നവംബർ അവസാന ആഴ്ചയിൽ മാധ്യമ സ്ഥാപനമായ എ.ബി.പിയും സാമൂഹിക പഠന ഏജൻസിയായ സി.എസ്.ഡി.എസും ചേർന്ന് 50 നിയോജക മണ്ഡലങ്ങളിൽ നടത്തിയ മൂന്നാം ഘട്ട സർവെ ഫലത്തിലാണ് ഈ പ്രവചനം. ഇരു പാർട്ടികൾക്കും 43 ശതമാനം വോട്ടു ലഭിക്കുമെന്നാണ് സർവെ പറയുന്നത്. 3,655 വോട്ടർമാരാണ് സർവെയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. 

ഇതേ ഏജൻസി ഒക്ടോബറിൽ നടത്തിയ രണ്ടാം ഘട്ട സർവെയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ബിജെപിക്ക് നാലു പോയിന്റ് നഷ്ടവും കോൺഗ്രസിന് രണ്ടു പോയിന്റ് നേട്ടവുമുണ്ടായി. ഓഗസ്റ്റിൽ നടത്തിയ സർവെ പ്രകാരം ബി.ജെ.പിക്ക് 59 ശതമാനവും കോൺഗ്രസിന് 29 ശതമാനവും മറ്റുള്ളവർക്ക് 12 ശതമാനവും വോട്ടാണ് പ്രവചിച്ചിരുന്നത്. ഒക്ടോബർ ആയപ്പോഴേക്കും ബിജെപിയുടേത് 47 ശതമാനമായി ഇടിയുകയും കോൺഗ്രസിന്റേത് 41 ശതമാനമായി ഉയരുകയും ചെയ്തു. മറ്റുള്ളവരുടേത് 12 ശതമാനമായി തന്നെ തുടർന്നു. നവംബറിൽ നടത്തിയ ഏറ്റവും പുതിയ സർവെയിൽ ബി.ജെ.പിയുടേത് വീണ്ടും ഇടിഞ്ഞ് 43 ശതമാനത്തിലെത്തുകയും കോൺഗ്രസിന്റേത് ഉയർന്ന് 43 ആയി ബി.ജെ.പിക്ക് ഒപ്പമെത്തുകയും ചെയ്തു. മറ്റുള്ളവരുടേത് 14 ശതമാനമായും ഉയർന്നു.

കോൺഗ്രസിനു ലഭിക്കുന്ന വോട്ടുകളിലെ ഈ വലിയ മാറ്റം സൂചിപ്പിക്കുന്നത് തെരഞ്ഞെടുപ്പിൽ ഒരു അട്ടിമറി തന്നെ നടന്നേക്കാമെന്നാണ്. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവും ഈ സൂചനയാണ് നൽകുന്നത്. ബി.ജെ.പി ലീഡ് ഓഗസ്്റ്റിൽ 30 ശതമായിരുന്നത് ഒക്ടോബറിൽ ആറായും നവംബറിൽ  പൂജ്യമായും ഇടിഞ്ഞിരിക്കുന്നു. ബി.ജെ.പിക്കെതിരായ തരംഗമുണ്ട്. ഇതു അക്ഷരം പ്രതി ശരിയായിക്കൊള്ളമെന്നില്ല. എങ്കിലും ബി.ജെ.പി വലിയൊരു പരാജയത്തിലേക്കാണ് നീങ്ങുന്നത്. ഇതൊരു രാഷ്ട്രീയ ഭൂകമ്പം ആയേക്കാമെന്ന് യാദവ് അഭിപ്രായപ്പെട്ടു.
 

Latest News