ന്യൂയോർക്ക്- നോവൽ കൊറോണ വൈറസ്സിനെ നശിപ്പിക്കാൻ അൾട്രാസൗണ്ട് വൈബ്രേഷനുകൾക്ക് സാധിച്ചേക്കുമെന്ന് പഠനം. മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കമ്പ്യൂട്ടർ സിമുലേഷനിലൂടെയായിരുന്നു പഠനം. ഒരു പ്രത്യേക നിലയിലുള്ള അൾട്രാസൗണ്ട് തരംഗങ്ങൾക്ക് വൈറസിനെ നശിപ്പിക്കാൻ കഴിഞ്ഞേക്കും. ഗവേഷകർ പറയുന്നത് പ്രകാരം 25 മുതൽ 100 വരെ മെഗാഹെർട്സ് വൈബ്രേഷനുകൾക്കാണ് നശീകരണശേഷിയുള്ളത്.
ഈ വൈബ്രേഷനുകൾ വൈറസിന്റെ ഷെല്ലിനെയും സ്പൈക് പ്രോട്ടീനിനെയും തകർത്തതായി പഠിതാക്കൾ പറയുന്നു. സ്പൈക് പ്രോട്ടീനാണ് വൈറസിനെ ഇതര ശരീരകോശങ്ങളിൽ പറ്റിപ്പിടിക്കാനും പടരാനും സഹായിക്കുന്നത്. ഒരു മില്ലി സെക്കൻഡിനുള്ളിൽ ഇവ തകരുന്നതായാണ് കണ്ടെത്തൽ. മെക്കാനിക്സ് ആൻഡ് ഫിസിക്സ് ഓഫ് സോളിഡ്സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അൾട്രാസൗണ്ട് തരംഗങ്ങൾ മുഖാന്തിരമുള്ള ഉദ്ദീപനം ഷെല്ലുകളെയും സ്പൈക്കുകളെയും വിറപ്പിക്കുമെന്നത് തങ്ങൾ തെളിയിച്ചുവെന്ന് എംഐടിയിലെ അപ്ലൈഡ് മെക്കാനിക്സ് പ്രൊഫസർ തോമസ് വിയെർസ്ബിസ്കി പറയുന്നു. വൈറസിന്റെ ആർഎൻഎക്കും പ്രത്യക്ഷമല്ലാത്ത തകരാറുണ്ടാക്കാൻ കഴിഞ്ഞിരിക്കുമെന്നും അനുമാനിക്കുന്നുണ്ട് ഇദ്ദേഹം. വിവിധ ഡിസിപ്ലിനുകളിൽ തങ്ങളുടെ ഈ പ്രബന്ധം ചർച്ചകളുയർത്തുമെന്ന പ്രതീക്ഷയും വിയെർസ്ബിസ്കി പങ്കുവെക്കുന്നു.






