Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കാം ഈ വനിതകളെ 


സ്ഥാസ്ഥാനാർത്ഥികളെല്ലാം അണിനിരന്നതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രചാരണ യുദ്ധം ശക്തമാവുകയാണ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്ഥാനാർത്ഥികളിലെ വനിതാ പ്രാതിനിധ്യമാണ് ഇക്കുറി ഏറെ വിവാദമായ ഒരു വിഷയം. നാഴികക്ക് നാൽപതു വട്ടം ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരെല്ലാം അവസാനം വനിതകൾക്ക് നൽകിയത് ശരാശരി 10 ശതമാനം സീറ്റുകളാണ്. അതിൽ തന്നെ പല സീറ്റുകളും ജയസാധ്യതയില്ലാത്തവയും. ഈ സാഹചര്യത്തിൽ കേരളം നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില വനിതാ സ്ഥാനാർത്ഥികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ധർമടത്ത് മുഖ്യമന്ത്രി പിണറായിക്കെതിരെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തി പോരാടാൻ പോലും യു.ഡി.എഫ് തയാറായിട്ടില്ല. അഖിലേന്ത്യാ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമായ ഫോർവേഡ് ബ്ലോക്ക് ആദ്യമായി ലഭിച്ച സീറ്റായിട്ടും പിണറായിക്കെതിരെ മത്സരിക്കുന്നില്ല എന്നു തീരുമാനിക്കുകയായിരുന്നു. അതിനിടയിലാണ് കേരളത്തിന്റെ കണ്ണീരായി മാറിയ വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്തുനിന്ന് മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പി ഒഴികെ ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചത്. അവരെ പിന്തുണക്കണോ വേണ്ടയോ എന്ന വിഷയത്തിൽ യു.ഡി.എഫിൽ വലിയ ചർച്ചയാണത്രേ നടന്നത്. എന്നാൽ പിന്തുണക്കേണ്ടതില്ല എന്നാണ് തീരുമാനം എന്നാണ് വാർത്ത. അതോടെ തങ്ങളുടെ രാഷ്ട്രീയ ആർജവമില്ലായ്മയാണ് അവർ വെളിവാക്കുന്നത്.


അതിശക്തമായ പ്രക്ഷോഭത്തെ തുടർന്ന് തന്റെ മക്കളുടെ മരണം സി.ബി.ഐ പുനരന്വേഷിക്കുന്നുണ്ടെങ്കിലും കുറ്റവാളികളെ രക്ഷിക്കാൻ എല്ലാ ഒത്താശയും ചെയ്ത രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുന്നതായാണ് വാളയാർ അമ്മ പറയുന്നത്. ഇരുകുഞ്ഞുങ്ങളുടെയും മരണങ്ങൾ കേവലം ആത്മഹത്യയാക്കിയത്  ഈ പോലീസുകാരാണ്. മൂത്ത കുട്ടിയുടെ കൊലപാതകത്തിന് സാക്ഷിയായിരുന്ന രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത സർജൻ പറഞ്ഞത് പോലും ഇവർ അവഗണിച്ചു. തന്നെയുമല്ല, മക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ പീഡനങ്ങൾക്കു വഴിപ്പെട്ടതെന്ന് പരസ്യമായി മാധ്യമങ്ങളിൽ കൂടി പറഞ്ഞ സോജൻ എന്ന ഉദ്യോഗസ്ഥൻ ഇപ്പോഴും ഉന്നത സ്ഥാനത്തു തുടരുന്നു.  കേസിന്റെ അപ്പീലിൽ സർക്കാർ ഭാഗത്തു നിന്ന് ഹനീഫ കമ്മീഷൻ കണ്ടെത്തിയ കാര്യമാണ് ചാക്കോ എന്ന ഉദ്യോഗസ്ഥൻ കേസ് അട്ടിമറിച്ചു എന്നത്. എന്നിട്ടും അയാളും സ്ഥാനക്കയറ്റത്തോടെ ഇന്നും സർവീസിൽ തുടരുന്നു. ഈ സാഹചര്യത്തിലാണ് താൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്നും അവർ പറയുന്നു.
വടകരയിൽ നിന്ന് മത്സരിക്കുന്ന കെ.കെ. രമയാണ് മറ്റൊരു സ്ഥാനാർത്ഥി. ഒരു കമ്യൂണിസ്റ്റ് നേതാവിനെ മറ്റു കമ്യൂണിസ്റ്റ് പാർട്ടിക്കാർ തന്നെ ക്രൂരമായി വെട്ടിക്കൊന്ന, ലോകത്തെങ്ങും നടക്കാനിടയില്ലാത്ത സംഭവമായിരുന്നല്ലോ ടി.പി. ചന്ദ്രശഖരൻ വധം. അന്ന് കെ.കെ. രമ പറഞ്ഞത്, കൊല്ലാം, തോൽപിക്കാനാവില്ല എന്നായിരുന്നു. അവരിപ്പോഴും പോരാടുകയാണ്. അതിന്റെ ഭാഗമാണ് ഈ തെരഞ്ഞെടുപ്പിലെ മത്സരം. രമയെ പിന്തുണച്ച് യു.ഡി.എഫും രംഗത്തുള്ളതിനാൽ വിജയിക്കാൻ തന്നെയാണ് അവരുടെ പോരാട്ടം എന്നുറപ്പ്. ആ വിജയം ജനാധിപത്യ കേരളം ആവശ്യപ്പെടുന്നതാണ്. 


രാഷ്ട്രീയ രംഗത്തെ ലിംഗനീതി നിഷേധത്തിനെതിരെ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരിൽ യു.ഡി.എഫ് വിമതയായി മത്സരിക്കുന്നു. കോൺഗ്രസിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന പുരുഷാധിപത്യത്തിനെതിരായ കലാപമാണ് അവരുടെ തല മുണ്ഡനം. വിമത സ്ഥാനാർത്ഥി എന്ന നിലയിൽ എത്രത്തോളം മുന്നോട്ടു പോകാനാവുമെന്നു പറയാനാകില്ല. അപ്പോഴും അവർക്കു ലഭിക്കുന്ന ഓരോ വോട്ടും ലിംഗനീതിക്കായുള്ള വോട്ടായിരിക്കും. 
കഴിഞ്ഞ മന്ത്രിസഭയിൽ ഏറെ കൈയടി നേടിയ കെ.കെ. ശൈലജ ടീച്ചർ ഇക്കുറി മത്സരിക്കുന്നത് മട്ടന്നൂരിൽ നിന്നാണ്. അവരുടെ വിജയത്തിൽ എതിരാളികൾക്കു പോലും സംശയമുണ്ടാകില്ല. തീർച്ചയായും അവരുടെ മികവുറ്റ പ്രവർത്തനങ്ങൾക്ക് അംഗീകാരം കൊടുക്കേണ്ടത് മലയാളികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്.
മുൻമന്ത്രി കൂടിയായിരുന്ന ആദിവാസി വിഭാഗത്തിൽ പെട്ട പി.കെ. ജയലക്ഷ്മി ഇക്കുറി മാനന്തവാടിയിൽ നിന്ന് മത്സര രംഗത്തുണ്ട്. തീർച്ചയായും വിജയിച്ചുവരേണ്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെയാണ് ജയലക്ഷ്മിയും വരുന്നത്. കായംകുളത്തു മത്സരിക്കുന്ന അരിത ബാബുവിന് 27 വയസ്സാണ് പ്രായം. പശുവിന്റെ പാൽ വിറ്റ് ഉപജീവനം നടത്തുന്ന നിർധന കുടുംബാംഗമാണവർ. 21 ാം വയസ്സിൽ ജില്ലാ പഞ്ചായത്തംഗമായിരുന്ന അവർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്. ചരിത്രത്തിൽ ഒരിക്കൽ മാത്രം വനിതയെ നിർത്തിയ പാരമ്പര്യമുള്ള മുസ്‌ലിം ലീഗ് കടുത്ത സമ്മർദങ്ങളെ തുടർന്ന് ഇക്കുറി ഒരു വനിതക്ക് സീറ്റ് കൊടുത്തിട്ടുണ്ട്. കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബിനാ റഷീദ്. തീർച്ചയായും അവരുടെ വിജയം കക്ഷിരാഷ്ട്രീയത്തിനതീതമായ കേരളത്തിന്റെ ആവശ്യമാണ്.


ലതിക സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്നെങ്കിൽ മുൻ അധ്യക്ഷമാരായിരുന്ന ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സോണിയാ ഗാന്ധി നയിക്കുന്ന പാർട്ടിയായിട്ടും എത്രമാത്രം പോരാടിയാണ് ഇരുവരും കോൺഗ്രസിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് എന്ന് രാഷ്ട്രീയം ഗൗരവത്തോടെ വീക്ഷിക്കുന്ന എല്ലാവർക്കുമറിയാം. ഇക്കുറിയും ബിന്ദു കൃഷ്ണയുടെ കണ്ണീർ കേരളം കണ്ടു. അതിനാൽ തന്നെ ഈ പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തുന്നു. 
അതേസമയം ഇടതു സ്ഥാനാർത്ഥികൾ കാര്യമായി ഈ പട്ടികയിൽ വരാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം ന്യായമാണ്. നിർഭാഗ്യവശാൽ സ്ത്രീ എന്ന അസ്തിത്വം ഉയർത്തിപ്പിടിച്ച് ഒരു പോരാട്ടം നടത്തുന്നവർ ഇടതുപക്ഷത്ത് വളരെ കുറവാണെന്നതാണ് വസ്തുത. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ മാതൃകയാക്കാനും ഇവരാരും തയാറല്ല. കർക്കശമായ പാർട്ടി ചട്ടക്കൂടിനെ ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നവരാണ് ഇടതുപക്ഷത്തെ ഭൂരിഭാഗം വനിതാ നേതാക്കളും പ്രവർത്തകരും. സി.പി.ഐ നേതാവ് ആനിരാജ പോലും ഈ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ആശയപരമായാകട്ടെ, ഇന്നും വർഗസമരത്തിന്റെ ഭാഗമായി നടക്കേണ്ട ഒന്നു മാത്രമാണവർക്ക് സ്ത്രീവിമോചനം. കെ.ആർ. ഗൗരിയമ്മയെയും സുശീലാ ഗോപാലനെയും മുഖ്യമന്ത്രിമാരാക്കുമെന്ന പ്രതീതി സൃഷ്ടിച്ച് പിറകോട്ടു പോയ സംഭവങ്ങൾക്കും കേരളം സാക്ഷിയാണല്ലോ. 


തീർച്ചയായും സംഘപരിവാർ പക്ഷത്തുനിന്ന് ആരുടെയും പേരു പറയാത്തതെന്താണെന്ന ചോദ്യവും ഉയർന്നു വരാം. വർഗീയ രാഷ്ട്രത്തെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുക വഴി തന്നെ വനിത എന്ന പരിഗണനക്കുള്ള അർഹത അവർക്കു നഷ്ടപ്പെടുകയാണ്. അല്ലാത്ത പക്ഷം ഈ പട്ടികയിൽ ആദ്യം വരുമായിരുന്ന പേര് ആദിവാസി നേതാവ് സി.കെ. ജാനുവിന്റേതായിരുന്നു. ഇരുമുന്നണികളുടേയും വാഗ്ദാന ലംഘനമാണ് തന്നെ എൻ.ഡി.എ പാളയത്തിൽ എത്തിച്ചതെന്ന അവരുടെ വാക്കുകളിൽ ചില ശരികളുണ്ടായിരിക്കാം. എന്നാൽ ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കുമെല്ലാം തുല്യത നിഷേധിക്കുന്ന മനുസ്മൃതി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായാണല്ലോ അവർ മത്സരിക്കുന്നത്. അതിനാൽ തന്നെ ആദിവാസി സ്ത്രീയെന്ന അവരുടെ സ്വത്വബോധം തന്നെ അർത്ഥരഹിതമാകുന്നു. അതുപോലെ തന്നെയാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വത്തിനെതിരെ പട നയിക്കുന്ന ശോഭാ സുരേന്ദ്രന്റെ കാര്യവും. 
തീർച്ചയായും ഈ ലിസ്റ്റിൽ പറയുന്ന എല്ലാവരും ലിംഗനീതിക്കായി ശക്തമായി നിലകൊള്ളുന്നു എന്ന അഭിപ്രായമില്ല. ശബരിമല വിഷയത്തിൽ തീവ്രതയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും മുഖ്യധാരയിലെ എല്ലാ വനിതാ നേതാക്കളും ലിംഗനീതിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യധാരാ രാഷ്ട്രീയത്തിൽ മറിച്ചൊരു നിലപാട് എളുപ്പമല്ല എന്ന് സംസ്ഥാനത്തെ എല്ലാവരും രഹസ്യമായി സമ്മതിക്കുന്നതുമാണ്. മറുവശത്ത് ലിംഗ - ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെട്ട ഒരാളെയും മത്സരിപ്പിക്കാൻ ഇരുമുന്നണികളും ഇപ്പോഴും തയാറാകുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അതിനാൽ തന്നെ ലിംഗനീതിയെ കുറിച്ചുള്ള അമിത അവകാശവാദങ്ങളെല്ലാം തള്ളിക്കളഞ്ഞു തന്നെയാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

Latest News