Sorry, you need to enable JavaScript to visit this website.

മൊട്ടത്തലയും കണ്ണീരും

ശിരോമുണ്ഡനം പുരുഷന്മാരെ സംബന്ധിച്ച് പലപ്പോഴും ഫാഷനുമായി ബന്ധപ്പെട്ടതാണ്. സിനിമാ താരങ്ങൾ മുതൽ സെലിബ്രിറ്റി പദവി ആഗ്രഹിക്കുന്ന മാധ്യമ പ്രവർത്തകർ വരെ തല മുണ്ഡനം ചെയ്ത് ജനശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാറുണ്ട്. പലപ്പോഴും അതിന് അവരുദ്ദേശിക്കുന്ന ഫലവും ലഭിക്കും. സ്വന്തം വ്യക്തിത്വത്തെ മൊട്ടത്തലയോട് കൂട്ടിക്കെട്ടി ഉപജീവനം കഴിക്കുന്നവരും ധാരാളം. കേശഭാരമൊഴിഞ്ഞ ശിരസ്സ് അവർക്ക് അലങ്കാരവും ഐഡന്റിറ്റിയുമാണ്. എന്നാൽ ഫാഷനു വേണ്ടി സ്ത്രീകൾ തല മുണ്ഡനം ചെയ്യുന്നത് കുറവാണ്. ഇല്ലായെന്ന് തീർത്തുപറയാനാവില്ല. എങ്കിലും കേശാലങ്കാര വൈവിധ്യമാണ് അവരുടെ പൊതുവായ സവിശേഷത. മൊട്ടത്തലയുടെ സൗന്ദര്യം സ്ത്രീകളെ സംബന്ധിച്ച് അത്രയേറെ കൊണ്ടാടപ്പെടുന്നില്ല.
പുരുഷന്മാരുടെ ശിരോമുണ്ഡനത്തിന് മതാചാരങ്ങളിലും പ്രാധാന്യമുണ്ട്. പല മതങ്ങളുടെയും അനുഷ്ഠാനങ്ങളുടെ ഭാഗമായി പുരുഷന്മാർ തല മുണ്ഡനം ചെയ്യാറുണ്ട്. സന്ന്യാസത്തിന്റെ ഭാഗമായി സ്ത്രീകളും ചിലപ്പോഴൊക്കെ തല മൊട്ടയടിക്കും. അതിനെ ഭക്ത്യാദരപൂർവമാണ് സാധാരണ ജനങ്ങൾ കാണാറുള്ളത്. ഏറ്റവും ആകർഷകമായ ഒന്നിനെ ത്യജിക്കാനുള്ള ത്യാഗമനോഭാവത്തിന്റെ പ്രതിഫലനമാണ്, അല്ലെങ്കിൽ സന്നദ്ധതാ പ്രകടനമാണ് മതാചാരങ്ങളിലെ ശിരോമുണ്ഡനം.


പ്രതിഷേധത്തിന്റെ ഭാഗമായുള്ള തലമുണ്ഡനത്തിന് എപ്പോഴും വാർത്താ പ്രാധാന്യമുണ്ട്. പുരുഷന്മാരും സ്ത്രീകളും അങ്ങനെ ചെയ്യാറുണ്ട്. ഈയിടെ സെക്രട്ടറിയേറ്റ് നടയിൽ ഉദ്യോഗാർഥികൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാൻ പറ്റിയ വലിയൊരു സമര മുറയാണത്. ആത്മപീഡയാണ് ഏറ്റവും വലിയ സമര മുറയെന്ന് നമ്മെ പഠിപ്പിച്ചത് രാഷ്ട്രപിതാവ് മഹാത്മജി തന്നെയാണ്. അദ്ദേഹം ഭക്ഷണം വെടിയുകയും ആത്മത്യാഗത്തിന്റെ പുതിയ ബലിപീഠങ്ങൾ സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇന്ത്യ ഗാന്ധിജിക്ക് ചുറ്റും രക്ഷാവലയമായി രൂപപ്പെട്ടു. ജനശക്തിയുടെ അത്യപൂർവമായ ആ സമാഹരണത്തിൽ സാമ്രാജ്യത്വം ഭയന്നു, പിന്തിരിഞ്ഞു. 


ലതികാ സുഭാഷ് എന്ന കോൺഗ്രസ് നേതാവ് തെരഞ്ഞെടുപ്പിന്റെ ചൂടിലും പിരിമുറുക്കത്തിലും നിൽക്കുന്ന കേരള സമൂഹത്തെ അത്തരമൊരു വൈകാരികാന്തരീക്ഷത്തിലേക്കാണ് എടുത്തെറിഞ്ഞത്. സ്വന്തം ഓഫീസിന് മുന്നിൽ, ദേശീയ മാധ്യമങ്ങളുടെയടക്കം സാന്നിധ്യത്തിൽ വികാരനിർഭരവും ദീർഘവുമായ ഒരു സംഭാഷണത്തിന് ശേഷം ഇന്ദിരാഗാന്ധി ശൈലിയിൽ വെട്ടിയൊതുക്കിയിരുന്ന തലമുടി കഷ്ണങ്ങളായി നിലത്തു വീണപ്പോൾ കോൺഗ്രസ് നേതാക്കളുടെ ചങ്കിടിക്കുകയും അത് കണ്ടിരുന്ന ആയിരങ്ങളുടെ മനസ്സ് വേദനിക്കുകയും ചെയ്തു. നിരവധി വർഷങ്ങളായി പാർട്ടിക്ക് വേണ്ടി താൻ നടത്തിയ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് ലതിക ഈ കടുംകൈ ചെയ്തത്. രാഷ്ട്രീയ എതിരാളികൾ പോലും നടുങ്ങിപ്പോയ ആ നിമിഷങ്ങളിൽ, കക്ഷിരാഷ്ട്രീയത്തിന്റെ ഭിന്നതകൾ മറന്ന്, വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ലതിക ഉയർത്തിപ്പിടിച്ച ആശയത്തോട് പൊരുത്തപ്പെടുകയും പിന്തുണക്കുകയും ചെയ്തു. 


പുരുഷന്മാരുടെ നിഴലിൽ മാത്രം എക്കാലത്തും രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചില കോൺഗ്രസ് വനിതകളൊഴികെ, പാർട്ടിക്കകത്തും ലതികയുടെ നടപടിക്ക് പിന്തുണയുണ്ടായി. പലരും തെരഞ്ഞെടുപ്പ് വേളയായതിനാൽ പരസ്യമായ അഭിപ്രായ പ്രകടനത്തിന് മുതിരാതെ ആത്മസംയമനം പാലിച്ചുവെന്ന് മാത്രം. രണ്ട് കമ്യൂണിസ്റ്റ് മഹിളകൾ പക്ഷേ, ഇരുമ്പുമറകൾ ഭേദിച്ചുള്ള അഭിപ്രായ പ്രകടനത്തിന് തയാറായി. ലതിക ഉയർത്തിയ പ്രശ്‌നത്തോട് യോജിച്ച അവർ സി.പി.ഐയുടെ നേതാവ് ആനി രാജയും സി.പി.എം നേതാവ് കെ.കെ. ശൈലജയും സ്വന്തം പാർട്ടികളിലും മുന്നണിയിലും വനിതാപ്രാതിനിധ്യം ആശാവഹമല്ലെന്ന് തുറന്നു സമ്മതിക്കാനും തയാറായി. ഇത് ചെറിയ കാര്യമായിരുന്നില്ല. ലതിക സുഭാഷിന് സ്ഥാനാർഥിത്വം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം, പക്ഷേ രാഷ്ട്രീയ ഭേദമെന്യെ സ്ത്രീകൾ അവരെ ബാധിക്കുന്ന ഒരു പൊതുപ്രശ്‌നത്തിന്റെ ഇരുളും വെളിച്ചവും തിരിച്ചറിയാൻ തുടങ്ങുന്നു എന്നത് നിസ്സാരമല്ല.


ജനിച്ചുവളർന്ന ഫ്യൂഡൽ, സ്ത്രീവിരുദ്ധ ചുറ്റുപാടിന്റെ നിഴൽപാടുകളിൽ, ഇപ്പോഴും മധ്യകാല യാഥാസ്ഥിതിക വെറികളിൽ ജീവിക്കുന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയുടെ ശിരോമുണ്ഡനത്തിന് അശ്ലീലാർഥമാണ് കണ്ടത്. അവർ ഉയർത്തിപ്പിടിച്ച വലിയൊരു പ്രശ്‌നത്തിന്റെ മർമം കണ്ടെത്താൻ തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുല്ലപ്പള്ളിക്ക് കഴിയാനിടയില്ല. ഇതൊരു ജീവൻമരണ പോരാട്ടമാണല്ലോ. അതിനിടയിൽ സാധ്യതകൾ നശിപ്പിക്കാൻ വന്നുകയറിയ വയ്യാവേലിയായി മാത്രമേ ലതികയുടെ പ്രവൃത്തി അദ്ദേഹത്തിന് കാണാനാവൂ. പക്ഷേ അത്, കേവലം സാന്ദർഭികയമായ ഒരു അഭിപ്രായ പ്രകടനമായിരുന്നില്ലെന്ന് മുൻകാലത്തും അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ ചരിത്രം നമ്മോട് പറയുന്നു. പുരുഷന്മാരേക്കാൾ ഭരണ മികവ് കാഴ്ചവെക്കുന്ന സ്ത്രീകളെ റാണിയും രാജകുമാരിയുമെന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാലത് പറയുന്നതിന്റെ സാഹചര്യവും സ്വരവും പ്രധാനമാണ്. ഇടക്കിടെ ഇംഗ്ലീഷ് വാക്യങ്ങൾ ഉച്ചരിച്ചതുകൊണ്ടോ ആദർശാത്മക ആപ്തവാക്യങ്ങൾ വിളമ്പിയതുകൊണ്ടോ ആധുനിക രാഷ്ട്രീയ പ്രവർത്തനമാകില്ല. അതിന് ചുറ്റുപാടുകളെക്കുറിച്ച് ശരിയായ ധാരണകൾ കൂടി ആവശ്യമുണ്ട്.
പുരുഷന്മാർ കൈയടക്കി വെച്ചിരിക്കുന്ന രാഷ്ട്രീയ മേഖലയിൽ പെരുമാറുന്ന അപൂർവം സ്ത്രീകളെ സംബന്ധിച്ച് ഇത്തരം അനുഭവങ്ങൾ പുതുമയല്ല. ലതികക്ക് തന്നെ തന്റെ രാഷ്ട്രീയ പ്രവർത്തന ചരിത്രത്തിൽ വലിയ അപവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകളുടെ രക്ഷകൻ എന്ന് സ്വയം വിളിച്ച വി.എസ്. അച്യുതാനന്ദൻ എന്ന വയോധികനായ കമ്യൂണിസ്റ്റ് നേതാവിൽനിന്ന് പോലും അത്തരം പ്രയോഗങ്ങളുണ്ടായി. മുല്ലപ്പള്ളിയും വി.എസും സ്ത്രീയുടെ പൊതുപ്രവർത്തന രംഗത്തെ സാന്നിധ്യത്തിന്റെ വിഷയത്തിൽ  ഒരു നാണയത്തിന്റെ രണ്ടു വശം പോലെയാകുന്നത് കേരളീയ രാഷ്ട്രീയ പൗരുഷത്തിന്റെ യഥാർഥ പ്രതിനിധാനമാണ്. രാഷ്ട്രീയ രംഗത്തെ പുരുഷനെ കാട്ടാളനെന്നോ രാക്ഷസനെന്നോ വിളിക്കാത്ത ജി. സുധാകരൻ വനിതയെ പൂതന എന്ന് വിളിക്കാൻ മടിക്കുന്നില്ല. 


തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രാതിനിധ്യം അമ്പത് ശതമാനമായതോടെ വലിയ തോതിലുള്ള മാറ്റങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുകയുണ്ടായി. നിയമസഭാ, പാർലമെന്റ് സ്ഥാനങ്ങളിൽ മൂന്നിലൊന്ന് സ്ത്രീ സംവരണത്തിനായുള്ള മുറവിളികൾ അന്തരീക്ഷത്തിലുയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. രാജ്യസഭ അംഗീകാരം കൊടുത്ത വനിതാ ബിൽ ലോക്‌സഭയുടെ പടിമുറ്റം കണ്ടിട്ടില്ല. പല തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ധിറുതിപ്പെട്ട് നടപ്പാക്കുന്ന ബി.ജെ.പിയും ഈ വാഗ്ദാനത്തിന്റെ കാര്യത്തിൽ പിറകോട്ടാണ്. നിയമ നിർമാണ സഭകളിൽ നിയമപരമായി തന്നെ സ്ത്രീ പ്രാതിനിധ്യം ഉണ്ടായാലേ ലതികയെപ്പോലുള്ള നേതാക്കളുടെ നിലവിളികൾക്ക് ശാശ്വത പരിഹാരമാകൂ. രാഷ്ട്രീയ പാർട്ടികൾ മാതൃകാപരമായി ഇക്കാര്യത്തിൽ പ്രവർത്തിക്കുമെന്ന് കരുതാൻ ന്യായമില്ല. വനിതാ ശാക്തീകരണത്തെക്കുറിച്ച് തനത് അഭിപ്രായങ്ങൾ പുലർത്തുന്ന ഇടതു പാർട്ടികൾക്ക് പോലും അത് സാധ്യമാകുന്നില്ല.


കോൺഗ്രസ് സ്ഥാനാർഥി പട്ടികയുമായി ദൽഹിയിലേക്ക് വിമാനം കയറിയ കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ ഒരു വനിത ഇല്ലാതായിപ്പോയതെന്താണ് എന്ന ചോദ്യമാണ് ഇവിടെ നാം ശരിയായി ഉയർത്തേണ്ടതെന്ന് തോന്നുന്നു. തീരുമാനങ്ങൾ എടുക്കുന്ന വേദിക്ക് പുറത്ത്, ആകാംക്ഷയോടെ കാത്തിരിക്കുന്നതിന് പകരം, ആ തീരുമാനത്തിൽ പങ്കാളികളായി മാറുകയാണ് ചരിത്രപരമായ കടമ. അത് നിർവഹിക്കാൻ പ്രാപ്തരായവരെ സൃഷ്ടിക്കുമ്പോഴേ പെണ്ണധികാരത്തിന്റെ ചിലങ്കകൾ ശരിക്കും സംഗീതമുതിർക്കുകയുള്ളൂ. അധികാരം നിക്ഷിപ്ത താൽപര്യങ്ങളുള്ള ഏതാനും ശക്തന്മാരായ പുരുഷന്മാരിൽ കേന്ദ്രീകരിക്കുകയും തീരുമാനങ്ങളെടുക്കാൻ അവർ മാത്രം പ്രാപ്തരാവുകയും ചെയ്യുന്ന സാഹചര്യമാണ് മാറേണ്ടത്. 
എന്തുകൊണ്ട് കേരളത്തിലെ കോൺഗ്രസ് വനിതകൾക്കിടയിൽനിന്ന് ഒരു ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഉയർന്നുവരുന്നില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതുവരെ എന്തുകൊണ്ട് ഒരു വനിതാ ജനറൽ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ ഉണ്ടായില്ല? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോഴാണ് ലതികാ സുഭാഷിന്റെ തല മുണ്ഡനം സാർഥകമായിത്തീരുന്നത്.

Latest News