തിരുവനന്തപുരം- സ്വര്‍ണക്കക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് അന്വേണഷ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഫ്‌ഐആറില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല.കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസ് കേസെടുക്കുന്നത് അപൂര്‍വ സംഭവമാണ്.
കേന്ദ്ര ഏജന്‍സി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വെളിപ്പെടുത്തി സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്തുവന്നിരുന്നു. ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഇഡി ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. .
പ്രചരിക്കുന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്‌ന ജയില്‍ ജീവനക്കാര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിനല്‍കിയിരുന്നു. സ്വപ്‌ന ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നപ്പോള്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇതില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്നയെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നതായി തങ്ങള്‍ കേട്ടിരുന്നെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന് സ്വപ്‌ന തങ്ങളോട് പറഞ്ഞെന്നും മൊഴി നല്‍കിയത്.