Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ 12ാം ക്ലാസ് പാഠപുസ്തകത്തിൽ ഇസ്ലാംഭീതി പരത്തുന്ന പരാമർശങ്ങൾ; പോലീസ് കേസെടുത്തു

ജയ്പൂർ- രാജസ്ഥാൻ സർക്കാർ പുറത്തിറക്കിയ 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ഭീകരവാദത്തെ ഇസ്ലാമിനോട് ബന്ധപ്പെട്ടുത്തിയ ഉള്ളടക്കം വിവാദമായി. ഇതിനെതിരെ ബുധനാഴ്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പീനൽ കോഡ് 295എ (മതപരമായ വൈകാരികത ഇളക്കിവിടാൻ ലക്ഷ്യമിട്ടുള്ള മനപ്പൂർവ്വവും ദുരുപദിഷ്ടവുമായ നീക്കം) 120ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. രാജസ്ഥാൻ മുസ്ലിം ഫോറം സംസ്ഥാന കോഓർഡിനേറ്റർ മൊഹ്സിൻ റഷീദാണ് പരാതി നൽകിയത്. 

മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരരാജെ സിന്ധ്യയുടെ ഭരണകാലത്ത് പുറത്തിറക്കിയ പാഠപുസ്തകത്തിലാണ് ഈ വിവാദ ഭാഗമുള്ളത്. 'ഭീകരത, രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം, അഴിമതി' എന്ന പാഠഭാഗത്തിൽ ഒരു വിദഗ്ധന്റെ ഉദ്ധരണി എന്നു പറഞ്ഞാണ് ഇസ്ലാംഭീതി പടർത്തുന്ന തരത്തിലുള്ള ഉള്ളടക്കം ചേർത്തിരിക്കുന്നത്.  "ഒരു പ്രത്യേക മതത്തോടുള്ള പ്രതിബദ്ധത ഇസ്ലാമിക് ഭീകരവാദത്തിന്റെ ഒരു പ്രധാന പ്രവണതയാണ്," ഈ പാഠഭാഗം പറയുന്നു. വേറെയും കടുത്ത പരാമർശങ്ങൾ ഈ പാഠപുസ്തകത്തിലുണ്ട്. അതെസമയം, ഇതെല്ലാം പറയുന്ന 'വിദഗ്ധൻ' ആരാണെന്ന് പാഠപുസ്തകം വ്യക്തമാക്കുന്നില്ല. 'പഞ്ചാബിലെ സിഖ് തീവ്രവാദികൾ', 'ജമ്മു കാശ്മീരിലെ മുസ്ലിം തീവ്രവാദികൾ' തുടങ്ങിയ പ്രയോഗങ്ങളും പാഠപുസ്തകത്തിലുണ്ട്. ഇവരെല്ലാം മതത്തെ മുൻനിർത്തി പ്രത്യേക സംസ്ഥാനം വേണമെന്ന് അവകാശപ്പെടുന്നരാണെന്നാണ് പരാമർശം. 

ഇസ്ലാം മതത്തെയും മുസ്ലിങ്ങളെയും അപകീർത്തിപ്പെടുത്തുകയാണ് പാഠപുസ്തകമെന്ന് മൊഹ്സിൻ റഷീദ് പറയുന്നു. ഇത് മുസ്ലിം വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാനുള്ള ശ്രമം കൂടിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. അതെസമയം പാഠപുസ്തകം പുറത്തിറക്കിയ സഞ്ജീവ് പ്രകാശൻ പ്രസിദ്ധീകരണശാല ചിലർ കഴിഞ്ഞദിവസം ആക്രമിക്കുകയുണ്ടായി. ജയ്പൂർ പൊലീസ് ഇതിലും കേസെടുത്തിട്ടുണ്ട്. പാഠപുസ്തകത്തിലെ വിദ്വേഷപ്രചാരണം ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൂടുതൽ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Latest News