Sorry, you need to enable JavaScript to visit this website.

മാർക്സിസ്റ്റ് സുഹൃത്തുക്കൾ സിപിഎമ്മിനും കോൺഗ്രസിനും വോട്ടു ചെയ്യരുത് - മമത

കൊൽക്കത്ത- ബിജെപിക്കും കോൺഗ്രസിനും വോട്ട് ചെയ്യരുതെന്ന് 'മാർക്സിസ്റ്റ് സുഹൃത്തുക്കളോട്' അഭ്യർത്ഥിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിം മേദിനിപൂർ ജില്ലയിൽ തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അവർ. വർഗീയവാദികളായ ബിജെപിയുമായി സഖ്യത്തിലുള്ളവരാണ് അവരെന്ന് മമത ആരോപിച്ചു. "സിപിഎം ചീഞ്ഞു കഴിഞ്ഞു. അവർ ബിജെപിയെ സഹായിച്ചുകൊണ്ടിരിക്കുകയാണ്." ഗാന്ധിജിയെ കൊന്നവർക്ക് ഒരു വോട്ടു പോലും നൽകരുതെന്നും ബിജെപിയെ ലാക്കാക്കി അവർ പറഞ്ഞു. "ബിജെപിക്കെതിരെ പോരാടാൻ തൃണമൂലിനു മാത്രമേ സാധിക്കൂ. എന്നെ ആക്രമിച്ചതിനു ശേഷം ബിജെപി ഇപ്പോൾ നുണ പ്രചരിപ്പിക്കുകയാണ്. ഗൂഢാലോചന നടത്തിയതിനു ശേഷം അവരിപ്പോൾ തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്," മമത പറഞ്ഞു.

ബിജെപി നേതാക്കൾ ഹെലിക്കോപ്റ്ററുകളിലും വിമാനങ്ങളിലും ചാക്കുകണക്കിന് പണവുമായി വന്നിറങ്ങുകയാണെന്ന് മമത ആരോപിച്ചു. വോട്ടർമാരെ സ്വാധീനിച്ച് വോട്ട് കൊള്ളയടിക്കാനാണ് പരിപാടി. പ്രചാരണപരിപാടിക്കിടയിൽ അവർ ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും പണമൊഴുക്കുകയാണ്. "സിപിഎം ഗുണ്ടകൾ ഇപ്പോൾ ബിജെപിയിലേക്ക് മാറിയിരിക്കുകയാണെ"ന്നും മമത ആരോപിച്ചു. ട്രെയിനുകളിലും ബസ്സുകളിലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണ്ടകളെ എത്തിക്കുകയാണ്. വോട്ടർമാരെ ഇവരെ ഉപയോഗിച്ച് സ്വാധീനിക്കുന്നു. 

കർഷകർക്കും ഗോത്രവർഗക്കാർക്കും എതിരാണ് ബിജെപിയെന്നും മമത ഗോത്രവർഗ മേഖലയായ പശ്ചിം മേദിനിപൂരിലെ പ്രചാരണപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. കർഷകവിരുദ്ധമായ കാർഷികബില്ലുകൾ നടപ്പാക്കാൻ തൃണമൂൽ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

Latest News