തിരുവനന്തപുരം- സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അത് കണ്ടെത്തിയത് ഐഐഎമ്മിലെ വിദഗ്ധരെ ഉപയോഗിച്ച്. പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം അനുസരിച്ച് ഇവര്‍ പ്രത്യേക സോഫ്റ്റ്വെയര്‍ തയാറാക്കി പരിശോധന നടത്തുകയായിരുന്നു. പേര്, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, വിലാസം, ബന്ധുത്വം എന്നിങ്ങനെ എല്ലാ സാമ്യങ്ങളും കണ്ടെത്തുന്ന സാങ്കേതിക സംവിധാനമാണ് ഉപയോഗിച്ചത്. പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്.
ഒരു മണ്ഡലത്തില്‍ത്തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കി. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടര്‍ ഒരേ പേരിലും വിലാസത്തിലും അഞ്ച് തവണയാണ് പേര് ചേര്‍ത്തത്.
കഴക്കൂട്ടത്ത് മാത്രം ഇത്തരത്തില്‍ 4506 കള്ളവോട്ടര്‍മാരെയാണ് കണ്ടെത്തിയത്. കൊല്ലം 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടി 4611, നാദാപുരം 6171, കൂത്തുപറമ്പ് 3525, അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് കള്ളവോട്ടര്‍മാരുടെ എണ്ണം.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ അടൂര്‍ പ്രകാശാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്. ആയിരക്കണക്കിന് ഇരട്ടവോട്ടുകളാണ് ആറ്റിങ്ങലില്‍ കണ്ടെത്തിയത്. ഇത് അംഗീകരിക്കാന്‍ കലക്ടര്‍ തയാറായില്ല. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വോട്ടുകള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ വോട്ടുകള്‍ നീക്കാനുള്ള സമയം അന്ന് ഉണ്ടായിരുന്നില്ല. ഇരട്ട വോട്ടുകള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കണക്കാക്കി യു.ഡി.എഫ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും കൈമാറി. 54,000 വോട്ടുകള്‍ ഇതിലൂടെ തടയാനായെന്നാണ് യു.ഡി.എഫിന്റെ കണക്ക്. കള്ളവോട്ടിന് ശ്രമിച്ച ഒരാളെ പിടികൂടാനുമായി. 38,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ ജയിക്കുന്നത്.