തെരഞ്ഞെടുപ്പിന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് ജോലിക്ക് പേഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം. സെക്യുരിറ്റി ചുമതലയിലും ജോലിക്രമീകരണ വ്യവസ്ഥയിലും ജോലിചെയ്യുന്ന പോലീസുകാരെയാണ് നിയമിക്കുക. ഇതിനായി ഉദ്യോഗസ്ഥരെ ഈ സ്ഥാനങ്ങളില്‍നിന്നു പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ മനപ്പൂര്‍വം തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് പിന്‍മാറാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും അവരെ വിടുതല്‍ ചെയ്യാത്ത ഓഫീസര്‍മാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരക്ഷാജോലിക്കായി കേന്ദ്രസേന, സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ കൂടാതെ നാല്‍പ്പത്തിയാറായിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ വേണ്ടി വരുമെന്നതിനാലാണ് കര്‍ശന നടപടി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം നാല്‍പ്പതിനായിരമായി വര്‍ധിപ്പിച്ചതിനാലും തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാന്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ഹൈക്കോടതി ജഡ്ജിമാര്‍, സുരക്ഷാഭീഷണി നേരിടുന്നതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ഒഴികെ ഡ്യൂട്ടിയിലുള്ള സെക്യൂരിറ്റി ഓഫീസര്‍മാര്‍, ഗാര്‍ഡുമാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെ താത്കാലികമായി പിന്‍വലിച്ചു. ഇവരെ ഏപ്രില്‍ രണ്ടു മുതല്‍ ഏഴ് വരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാന്‍ ഇലക്്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

 

Latest News