വിടപറഞ്ഞത് ശശി കപൂര്‍; അനുശോചനം ശശി തരൂരിന്  

ന്യുദല്‍ഹി- വിഖ്യാത ബോളിവുഡ് നടന്‍ ശശി കപൂറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുള്ള സന്ദേശങ്ങളും വിളികളും ലഭിച്ചത് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്. അനുശോചന സന്ദേശങ്ങള്‍ തന്റെ ഓഫീസില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരം തരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ടൈംസ് നൗ ചാനല്‍ നടന്റെ മരണ വാര്‍ത്ത ട്വീറ്റ് ചെയ്തപ്പോള്‍ ശശി കപൂറിന്റെ പേരിനു പകരം ശശി തരൂര്‍ എന്ന് അബദ്ധത്തില്‍ അടിച്ചു വിട്ടതാണ് വിനയായത്. ഇക്കാര്യം തരൂര്‍ ട്വിറ്ററിലൂടെ തന്നെ ടൈംസ് നൗ ചാനലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പേരിലെ സാമ്യതയാണ് ആശയക്കുപ്പമുണ്ടാക്കിയതെന്നും എന്റെ വഷളായ ആരോഗ്യ സ്ഥിതി അന്വേഷിച്ച് രണ്ടു മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിലേക്ക് വിളിച്ചുവെന്നും തരൂര്‍ പറഞ്ഞു. അബദ്ധം ആര്‍ക്കും സംഭവിക്കാമെന്നും ഇതു കാര്യമാക്കുന്നില്ലെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. 'പ്രശ്നമില്ല. അബദ്ധം സംഭവിക്കാം. ഒരു ദുഖ വേളയിലും ചിരിപടര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- തരൂര്‍ പിന്നീട് ട്വീറ്റ് ചെയ്തു. കപൂര്‍ കുടുംബത്തോട് തന്റെ അനുശോചനമറിയിക്കുകയും ചെയ്തു.


 

Latest News