Sorry, you need to enable JavaScript to visit this website.

സി.ഒ.ടി. നസീറിന് നേരെ വീണ്ടും വധഭീഷണി

കണ്ണൂർ-  തലശ്ശേരി നിയോജക മണ്ഡലത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സി.ഒ.ടി. നസീറിന് നേരെ വീണ്ടും വധഭീഷണി. സ്ഥാനാർഥി കാര്യം അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ നസീർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയതിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ നിന്ന് നസീർ രക്ഷപ്പെടുകയായിരുന്നു.


നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ ഫോണിലൂടെ പല തവണ ഭീഷണികളുണ്ടായതായി നസീർ പറഞ്ഞു. ഇതിന് പുറമെ, ഇന്നലെ രാവിലെ ലോട്ടസ് തിയേറ്ററിന് സമീപം കാറിൽ സഞ്ചരിക്കുന്നതിനിടെ ഏതാനും പേർ വാഹനം തടഞ്ഞ് വധഭീഷണി ഉയർത്തി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കാത്താണ്ടി റസാഖ് അടക്കമുള്ളവരുടെ കൺമുന്നിൽ വെച്ചായിരുന്നു വധഭീഷണിയെന്ന്  നസീർ പറഞ്ഞു.


തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. സാമൂഹ്യ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ആക്രമണത്തിനിരയാവുക എന്നത് സമൂഹത്തിൽ ഭയം പടർത്തുന്ന കാര്യമാണ്. രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ പേരിൽ നിരവധി പേർ വധിക്കപ്പെട്ട സ്ഥലമാണിത്. ഒരു പാട് അമ്മമാരുടെ കണ്ണീർ വീണു, നിരവധി പേർ വിധവകളായി, ഒരു പാട് കുട്ടികൾ അനാഥരായി. എല്ലാവർക്കും നീതി ലഭിക്കുമെന്ന് ഉറപ്പ് പാലിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മക്ക് പോലും നീതി ലഭിച്ചില്ല -നസീർ പറഞ്ഞു.


തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ എ.എൻ.ഷംസീർ എം.എൽ.എയാണ്. ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. എം.എൽ.എയുടെ കാറിലാണ് തന്നെ ആക്രമിച്ച സംഘം ദിവസങ്ങളോളം അവസരം പാർത്ത് സഞ്ചരിച്ചത്. എം.എൽ.എയുടെ പേര് വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഈ കേസിൽ അന്വേഷണം പൂർത്തിയായിട്ടും രണ്ടു വർഷത്തോളം കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോയി. അന്വേഷണം കഴിയുന്നതുവരെ ഉദ്യോഗസ്ഥനെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല.
ഒടുവിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ എം.എൽ.എക്ക് സംഭവത്തിൽ പങ്കില്ലെന്ന വിധത്തിലുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയാണ് ചെയ്തത്. ഇവിടെ പണവും അധികാരവും ഉള്ളവർക്ക് മാത്രം നീതി എന്നത് നല്ല സന്ദേശമല്ല -നസീർ പറഞ്ഞു.


സി.സി ടിവി ഉള്ളതിനാൽ മാത്രമാണ് ഈ കേസ് അൽപമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ഇല്ലായിരുന്നുവെങ്കിൽ പശു കുത്തി പരിക്കേറ്റതാണെന്ന് പോലീസ് മാറ്റിത്തീർക്കുമായിരുന്നു. മാത്രമല്ല, ഈ കേസ് പി.ജയരാജന്റെ തലയിലിടാനുള്ള ശ്രമവും നടന്നു. ഷംസീറിന്റെ നേതൃത്വത്തിലുള്ള മാഫിയാ സംഘത്തെ എതിർത്തതും പി.ജയരാജനുമായുള്ള അടുപ്പവുമാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് കാരണം. അറുപത്തിനാലു വർഷം സി.പി.എം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് തലശ്ശേരി. ഇവിടെ എന്ത് വികസനമാണുണ്ടായിട്ടുള്ളത്. 1200 കോടിയുടെ വികസനം 5 വർഷത്തിനകം ഉണ്ടാക്കിയെന്നത് ഇവിടുത്തെ എം.എൽ.എയുടെ തള്ള് മാത്രമാണ്. കിറ്റോ പെൻഷനോ അല്ല ജനങ്ങൾക്ക് വേണ്ടത്. നീതിയാണ്. അത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ നേതൃത്വത്തിൽ തലശ്ശേരി മണ്ഡലത്തിൽ ജനവിധി തേടുന്നതെന്ന് നസീർ പറഞ്ഞു.

 

Latest News