റിയാദ് - വാക്‌സിൻ സ്വീകരിക്കുന്ന ജീവനക്കാർക്ക് രണ്ടു ദിവസത്തെ അവധി നൽകുമെന്ന് ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സി അറിയിച്ചു. സാമൂഹിക പ്രതിരോധ ശേഷി ഉയർത്താൻ ഔദ്യോഗിക വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയായും എസ്.ടി.സി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ ശ്രമിച്ചുമാണ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് രണ്ടു ദിവസം അവധി നൽകുന്നത്.
ജൂൺ അവസാനിക്കുന്നതിനു മുമ്പായി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നവർക്കെല്ലാവർക്കും രണ്ടു ദിവസം അവധി അനുവദിക്കുമെന്ന് എസ്.ടി.സി പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിയുടെ ഉദ്ദിഷ്ട ലക്ഷ്യം നേടുന്നതിന് വാക്‌സിൻ സ്വീകരിക്കാൻ മുഴുവൻ ജീവനക്കാരും എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളുമായുള്ള ക്രിയാത്മക ഇടപെടലും കമ്മ്യൂണിറ്റി പ്രതിരോധ ശേഷി ഉയർത്താനുള്ള ഫലപ്രദമായ സംഭാവനയുമാണ് വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള ദ്വിദിന അവധിയെന്നും എസ്.ടി.സി പറഞ്ഞു.






