ആർ.എസ്.എസ് സൈദ്ധാന്തികൻ വെളിപ്പെടുത്തിയത് കേരളത്തിന്‍റെ ആശങ്കയെന്ന് വെല്‍ഫെയർ പാർട്ടി

തിരുവനന്തപുരം - സി.പി.എമ്മിന്റെ അധികാരത്തുടർച്ചയും ബി.ജെ.പിയുടെ കോൺഗ്രസിനെ ദുർബലപ്പെടുത്തി അധികാരത്തിലെത്തലും ഒരേ രേഖയിൽ പ്രവർത്തിച്ചു തുടങ്ങിയെന്നതാണ് ബി.ജെ.പി - സി.പി.എം ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. 


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് കോന്നിയിൽ വിജയം ഉറപ്പിക്കുന്നതിന് ചെങ്ങന്നൂർ, ആറൻമുള മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെ സഹായിക്കുന്നതിനാണ് ധാരണ.
കോൺഗ്രസിനെ ദുർബലപ്പെടുത്തി കേരളത്തിൽ ശക്തിപ്പെടുക എന്ന ബി.ജെ.പി അജണ്ട തൽക്കാലം സി.പിഎമ്മിനെ പിന്തുണച്ചും തിരിച്ച് പിന്തുണ വാങ്ങിയും തുടക്കം ഒരുക്കുകയാണ്.
140 നിയമസഭാ മണ്ഡലങ്ങളിലും പഠനശിബിരം നടത്തി പ്രവർത്തകരെ ഈ ലക്ഷ്യം പഠിപ്പിക്കുകയും സി.പി.എമ്മിന്റെ അധികാര തുടർച്ചക്ക് ബി.ജെ.പി ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. സംഘ് നോമിനികൾ ഡി.ജി.പി ഉൾപ്പെടെ ഉയർന്ന പോസ്റ്റുകളിലും ഉപദേശകരായും പ്രതിഷ്ഠിക്കപ്പെട്ടതും നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്.


കേന്ദ്ര സർക്കാരിന്റെ വംശീയ നിലപാടുകളിലടക്കം മുഖ്യമന്ത്രി സ്വീകരിച്ച മൃദുസമീപനവും പൗരത്വ പ്രക്ഷോഭകർക്കെതിരെ കേസെടുത്തതും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും റിയാസ് മൗലവി, ഫൈസൽ കൊടിഞ്ഞി കൊലപാതകങ്ങളിലും പാലത്തായി കേസിലും സംഘ് പ്രതികളോട് സ്വീകരിച്ച അയഞ്ഞ സമീപനവും ബി.ജെ.പി - സി.പി.എം ബന്ധം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിരോധം പ്രചരിപ്പിച്ച് സി.പി.എം സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം സംഘ്പരിവാർ ഫാസിസ്റ്റുകൾക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇത് ഭാവിയിൽ സി.പി.എമ്മിൽ നിന്നുള്ള ബി.ജെ.പിയിലേക്കുളള ഒഴുക്ക് എളുപ്പമാക്കും. ബംഗാളിൽ സി.പി.എം ഓഫീസുകൾ ബി.ജെ.പി ഓഫീസുകളായി മാറിയത് ചരിത്ര സത്യം. സി.പി.എമ്മിന്റെ ഉൾപ്പെടെ എൽ.ഡി.എഫിന്റെ മുൻ പ്രാദേശിക നേതാക്കൾ ബി.ജെ.പി സ്ഥാനാർഥികളായി രംഗത്തു വരുന്നത് ചേർത്ത് വായിക്കണം  -അദ്ദേഹം പറഞ്ഞു. 


വടകരയും ബേപ്പൂരും നാം മറന്നിട്ടില്ല. അന്ന് പാർട്ടി പക്ഷപാതിത്വങ്ങൾക്കതീതമായി ഫാസിസ്റ്റ് വിരുദ്ധ പൊതുജന ജാഗ്രത ബി.ജെ.പിയെ തുരത്തിയോടിച്ചു. ഇന്നും നമുക്കതിനാവണം. വർഗീയത പൊതിഞ്ഞു വെച്ച സി.പി.എം തന്ത്രത്തിനു മുന്നിൽ നാം നിശ്ശബ്ദരാവരുത്. ബി.ജെ.പിയെയും അവർക്ക് മണ്ണൊരുക്കുന്നവർക്കെതിരെയും കേരള സമൂഹം ജാഗ്രതയുള്ളവരാകണമെന്ന് ഹമീദ് വാണിയമ്പലം പ്രസ്താവനയിൽ പറഞ്ഞു. 

Latest News