Sorry, you need to enable JavaScript to visit this website.

കോൺഗ്രസിലെ കളികൾ

രാഷ്ട്രീയ പൊതുയോഗങ്ങൾക്ക് പ്രസിദ്ധമായ കോഴിക്കോട്ടെ മുതലക്കുളം മൈതാനിയിൽ കഴിഞ്ഞ വാരത്തിൽ ഒരു പൊതുയോഗം നടക്കുന്നു. സന്ധ്യയായി കാണും. വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടനയുടേതാണ് യോഗം. നഗരത്തിന് പുറത്തു നിന്നെത്തിയ സദസ്യരാകയാൽ സമീപത്തെ ശീതള പാനീയ കടകളിലെല്ലാം നല്ല തിരക്കുണ്ട്. ഇങ്ങനെയൊരു സംഘടനയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്നത് കൗതുകമായി.  കെജ്‌രിവാളിന്റെ രാഷ്ട്രീയം പോലെ മോഡിക്കാലത്തെ ഒരു ഉഡായിപ്പ് എന്നാണ് ഒഐഒപി എന്ന സംഘടനയെ കുറിച്ച് ധരിച്ചു വെച്ചിരുന്നത്. അൽപ നേരം ഒരു പ്രസംഗം ശ്രവിച്ചു നോക്കി. പ്രഭാഷകൻ പറയുകയാണ്- നമ്മുടെ പ്രവർത്തകർ ഇനിയുള്ള ഓരോ ദിവസവും ഓരോ മണ്ഡലത്തിലെയും നമ്മുടെ സ്ഥാനാർഥിയുടെ പേര് ചുരുങ്ങിയത് പത്താളോടെങ്കിലും പറയണം. ഉദാഹരണമായി  തിരുവമ്പാടി സീറ്റിൽ നിൽക്കുന്ന ആളിന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തുകയും ചെയ്തു. അതായത് ഓരോ മണ്ഡലത്തിലും പെൻഷൻ പോരാളികൾ മനസ്സു വെച്ചാൽ ചുരുങ്ങിയത് ആയിരം വോട്ടുകളെങ്കിലും മറിക്കാനാവും. ട്വിന്റി  ട്വന്റിയൊക്കെ പോലൊരു അരാഷ്ട്രീയ പ്രസ്ഥാനമെന്ന് പറഞ്ഞ് എഴുതിത്തള്ളാൻ വരട്ടെ. 


മൂന്നക്കത്തിന് ഭാവി നിർണയിക്കപ്പെടുന്ന സീറ്റുകളിൽ കാര്യമായ ഡാമേജുണ്ടാക്കാൻ ഇത്തരക്കാർക്ക് കഴിയും. ഇതിനിടക്കാണ് കോൺഗ്രസിലെ സ്ഥാനാർഥി നിർണയ തർക്കങ്ങൾ നീണ്ടുപോയത്. ഗ്രൂപ്പ് സമവാക്യങ്ങളും ജാതി, മത ഫോർമുലകളും ഒപ്പിച്ചെടുക്കാൻ കർണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ കൂടി ലഭിച്ചാലേ മതിയാവൂ എന്നതാണ് സ്ഥിതി. കേരളത്തിന്റെ പതിവനുസരിച്ച് അഞ്ച് വർഷം എൽ.ഡി.എഫ് കഴിഞ്ഞാൽ ഭരിക്കാൻ കൈവരുന്ന അവസരമാണ് കൈവിട്ട കളികളിലൂടെ ഇല്ലാതാവുന്നത്. കോട്ടയം ഏറ്റുമാനൂരിലെ ലതിക സുഭാഷ് വിഷയം ദേശീയ തലത്തിൽ പാർട്ടിക്ക് നാണക്കേടുമായി. 


കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ലെന്ന് കെ. സുധാകരൻ എം.പി വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർത്ഥി പട്ടികയിൽ പോരായ്മകളുണ്ട്. സ്ഥാനാർത്ഥി പട്ടിക വന്നതോടെ തന്റെ പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായി. സ്ഥാനാർത്ഥി പട്ടികയിൽ ചിലർ ഇഷ്ടക്കാരെ തിരുകിക്കയറ്റി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്. തങ്ങളുടെ അഭിപ്രായത്തെ പരിഗണിച്ചില്ലെന്നും കെ. സുധാകരൻ പറഞ്ഞു. സുധാകരന്റെ തട്ടകമായ കണ്ണൂരിലെ ഇരിക്കൂറിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച കോലാഹലം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അമ്പത് വർഷമായി മത്സരിക്കുന്നുവെന്നതൊന്നും  നോക്കാതെ ആ കെ.സി. ജോസഫിനെ നിർത്തിയിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാകില്ലായിരുന്നു. വെള്ളിമൂങ്ങ സിനിമയുണ്ടാക്കിയ ഓരോ പൊല്ലാപ്പ്. 


സ്ഥാനാർഥി പട്ടികയിൽ വനിതകളെ ഉൾക്കൊള്ളിക്കാനായി പരമാവധി ശ്രമം നടത്തിയെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ പറയുന്നത്.  പക്ഷേ, വിജയ സാധ്യതയാണ് പ്രധാനമായും പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ. സുധാകരനോട് നിരവധി തവണ ചർച്ച നടത്തിയെന്ന്  അദ്ദേഹം പറഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റിയും സംസ്ഥാന ഇലക്ഷൻ കമ്മിറ്റിയും അഭിപ്രായം തേടി. സുധാകരനോട് മാത്രമല്ല, എല്ലാ എംപിമാരുമായും ഇക്കാര്യങ്ങൾ ചർച്ച നടത്തിയിരുന്നുവത്രേ. 
സുധാകരന് മറുപടിയുമായി ഉമ്മൻ ചാണ്ടിയും രംഗത്തെത്തി. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക മികച്ചതാണ്. കോൺഗ്രസിൽ നിന്ന് രാജിവെച്ച ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. 


കോൺഗ്രസ് ഏകാധിപത്യ പാർട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. ഇക്കാര്യത്തിൽ സോണിയാ ഗാന്ധി അതീവ ജാഗ്രത കാണിച്ചു.   നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞത് ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. ഫാസിസത്തിനെതിരെ പോരാടുന്നത് കോൺഗ്രസ് മാത്രമാണ്.  നേമം ഗുജറാത്താക്കാനാകില്ല. അതുകൊണ്ടാണ് പ്രഗത്ഭനായ  സ്ഥാനാർത്ഥിയെ നേമത്ത് കോൺഗ്രസ് നിർത്തിയത്. കുമ്മനത്തെ പരാജയപ്പെടുത്താൻ സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെയാണെന്നും അതിൽ നിന്നും അവരുടെ അന്തർധാര മനസ്സിലാകുമെന്നുമാണ്  മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. മുല്ലപ്പള്ളിയുടെ വാദമുഖങ്ങൾക്ക് ബലം പകരുന്നതാണ് കോന്നിയിലെ ഡീൽ സംബന്ധിച്ച് ഏറ്റവുമൊടുവിൽ ബാലശങ്കർ വെളിപ്പെടുത്തിയത്. ചെങ്ങന്നൂരിലും കോന്നിയിലുമായി സഹകരണം. ഇതിലൊന്നും അസ്വാഭാവികത കാണേണ്ട കാര്യമില്ല. രാഷ്ട്രീയമെന്നത് സാധ്യതകളുടെ കലയാണല്ലോ. 


കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയേക്കാൾ മികച്ചതാണ് ഇത്തവണ അവർ പുറത്തുവിട്ട ലിസ്റ്റ്. ഇക്കാര്യത്തിൽ ഒരു തർക്കവുമില്ല. എൽഡിഎഫ് കൊണ്ടാടിയ തിരുവനന്തപുരം മേയർ ആര്യക്കൊപ്പം നിൽക്കുന്നു കായങ്കുളത്തെ കോൺഗ്രസ് സ്ഥാനാർഥി അരിത. കോഴിക്കോട് നോർത്തിലെ അഭിജിത്തിന്റെ സ്ഥാനാർഥിത്വവും പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. കോൺഗ്രസ് നേതാവ് എ. സുജനപാൽ മത്സരിക്കാറുള്ള ഈ സീറ്റ് ഉത്സാഹിച്ചാൽ തിരിച്ചുപിടിക്കാനുമാവും. ഇവിടെയും വല്ല ഡീലുമുണ്ടോയെന്നാർക്കറിയാം? 
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ സകല ശോഭയും കെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് കോൺഗ്രസിൽ അരങ്ങേറിയത്. സീറ്റ് നിഷേധിച്ചതിന്റെ പേരിൽ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. ഇതിന്റെ പ്രതിധ്വനി ന്യൂദൽഹി വരെ എത്തി എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ് എല്ലാ കാലത്തും വനിതകളോട് ഇങ്ങനെയാണ് പെരുമാറിയിട്ടുള്ളതെന്ന് ബി.ജെ.പിയിൽ ചേർന്ന സിനിമാതാരം ഖുഷ്ബുവിന് വരെ പറയാൻ അവസരമുണ്ടാക്കിക്കൊടുത്തു. 


കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥി നിർണയം ചർച്ചയാവേണ്ട ദിവസം ലതിക സുഭാഷ് കെ.പി.സി.സി ഓഫീസിനു മുന്നിൽ തല മുണ്ഡനം ചെയ്ത ദൃശ്യങ്ങളാണ് വൈറലായത്. വനിതാ നേതാക്കളോട് കോൺഗ്രസ് കാട്ടുന്ന അവഗണന ഇതോടെ ചർച്ചയാവുകയും ചെയ്തു. വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് വീണ എസ്. നായരാണ്. എങ്കിൽ പിന്നെ ജ്യോതി വിജയകുമാറിന് സീറ്റെന്ന് പറഞ്ഞ് എന്തിനു പ്രലോഭിപ്പിച്ചു? രാഹുൽ ഗാന്ധിയുടെ തർജമക്കാരിയായി കേരളമാകെ ശ്രദ്ധിച്ച പേരാണ് ജ്യോതി വിജയകുമാർ. 
കൊല്ലത്ത് നിന്നും തഴയപ്പെടുമായിരുന്ന ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണക്ക് ഒടുവിൽ സീറ്റ് ലഭിച്ചതു തന്നെ ഡി.സി.സി ഓഫീസിനുള്ളിൽ പൊട്ടിക്കരഞ്ഞതുകൊണ്ടാണ്. ഇതും പതിവിൽ നിന്നും തികച്ചും വ്യത്യസ്തമായ സംഭവമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഏറ്റുമാനൂർ മണ്ഡലം വിട്ടുനൽകിയതോടെ പ്രതീക്ഷയർപ്പിച്ച മണ്ഡലം നഷ്ടമായതാണ് ലതികയെ ഏറെ പ്രകോപിപ്പിച്ചത്.


വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തിലേക്കും അവരെ കോൺഗ്രസ് പരിഗണിച്ചതുമില്ല. മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് തങ്ങൾക്ക് ഇടതുപക്ഷം അനുവദിച്ച കുറ്റിയാടി സീറ്റ് കേരള കോൺഗ്രസ് എം  സി.പി.എമ്മിന് വിട്ടുകൊടുത്ത് മാതൃകയായ ദിവസം തന്നെയാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർന്നത്. സീറ്റ് സി.പി.എം ആവശ്യപ്പെടാതെ തന്നെ തിരികെ നൽകി ജോസ് വിഭാഗം കാട്ടിയ മാതൃക കോൺഗ്രസിനോട് ജോസഫ് ഗ്രൂപ്പ് കാണിച്ചിട്ടില്ല. തോറ്റാലും ജയിച്ചാലും സീറ്റുകളുടെ എണ്ണം കുറക്കുന്ന പ്രശ്‌നമേയില്ലന്ന നിലപാടിലാണ് ഇപ്പോഴും ജോസഫ് വിഭാഗം.  ദൽഹിയിൽ നിന്നും എ.ഐ.സി.സി നേരിട്ട് നടത്തിയ സർവേ പ്രകാരമാണ് സ്ഥാനാർത്ഥി നിർണയം നടന്നതെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.
ഇത് കെ.സി. വേണുഗോപാലിന്റെ തട്ടിപ്പ് സർവേയാണെന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം കോൺഗ്രസ്  നേതാക്കൾ ആരോപിക്കുന്നത്. തനിക്ക് താൽപര്യമുള്ളവരെ സ്ഥാനാർത്ഥികളാക്കാനും കേരളത്തിലെ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനും വേണുഗോപാൽ നടത്തുന്ന നീക്കമാണ് സർവേക്ക് പിന്നിലെന്ന്  സംശയിക്കുന്നവരുണ്ട്.  ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും മീതെ സൂപ്പർ അധികാര കേന്ദ്രമാകാനാണ് കെ.സിയുടെ ശ്രമം. സി.പി.എം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ പ്രതിഷേധമുയർന്ന പൊന്നാനി, കുറ്റിയാടി മണ്ഡലങ്ങളിൽ പ്രതിഷേധിച്ചവർ തന്നെ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇപ്പോൾ.  ഒരു കാഡർ പാർട്ടി എന്ന നിലയിൽ പ്രതിഷേധങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യാൻ  സി.പി.എമ്മിന് എളുപ്പത്തിൽ സാധിച്ചു. കുറ്റിയാടിയിൽ ജോസ് കെ. മാണി വിഭാഗം തന്നെ പിൻമാറിയപ്പോൾ ജനങ്ങൾ ആഗ്രഹിച്ച കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ സി.പി.എം നേതൃത്വത്തിന് ഏറെ ആലോചിക്കേണ്ടി വന്നില്ല. 


കോൺഗ്രസിന്  മാത്രമല്ല സ്ഥാനാർഥി നിർണയം പ്രശ്‌നമാകുന്നത്. ലീഗിലും പതിവില്ലാത്ത വിധം എതിർ സ്വരങ്ങൾ രൂപപ്പെടുന്നു. കളമശ്ശേരി, തിരൂരങ്ങാടി, കോഴിക്കോട് സൗത്ത്, കൊടുവള്ളി, പേരാമ്പ്ര  മണ്ഡലങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടായി. ഇതിൽ കൊടുവള്ളിയും പേരാമ്പ്രയും  ഒഴികെയുള്ള മറ്റു മൂന്നു സീറ്റുകളും ലീഗിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഈ നാല് മണ്ഡലങ്ങളിലും നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ അംഗീകരിക്കില്ലന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. അനുനയ നീക്കങ്ങളുമായി സംസ്ഥാന നേതൃത്വം രംഗത്തുണ്ടെന്നത് ശ്രദ്ധേയമാണ്. 
പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗ് കോട്ടയായിരുന്ന താനൂരിൽ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയമാണ് നേടിയത്. 90 കളിലെ തെരഞ്ഞെടുപ്പുകളിൽ ലീഗ് മുപ്പതിനായിരത്തിന് ജയിക്കുന്ന സീറ്റുകളിൽ ഉൾപ്പെടുന്നതാണ് താനൂർ. വൻ അട്ടിമറി സാധ്യത താനൂരിനോട് ചേർന്നു കിടക്കുന്ന തിരൂരങ്ങാടിയിലുമുണ്ട്. അതാണ് സി.പിയഐയുടെ സ്ഥാനാർഥി മാറ്റത്തിൽ ദൃശ്യമായത്. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് എം.എൽ.എയാകാൻ ലീഗ് വെച്ചുനീട്ടിയ മണ്ഡലമാണ് തിരൂരങ്ങാടി. കാൽ നൂറ്റാണ്ടിനപ്പുറം കാൽ ലക്ഷം വോട്ടുകളോടെ ആന്റണി ജയിച്ചത് ചതുഷ്‌കോണ മത്സരത്തിലായിരുന്നു. 


സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് വലിയ പൊട്ടിത്തെറിയാണ്  ബി.ജെ.പിയിലും. പ്രധാനമന്ത്രിയുടെ സ്വന്തക്കാരനെ വരെ അയോഗ്യനാക്കിയതാണ് ഇപ്പോഴത്തെ പൊട്ടലിനും ചീറ്റലിനും പിന്നിൽ. ചാനലുകളിൽ സദാ ന്യായീകരണം നടത്താറുള്ള വനിതാ നേതാവിന് കഴക്കൂട്ടം സീറ്റ് ലഭിക്കാൻ ആർ.എസ്.എസ് ഇടപെടൽ വേണ്ടിവന്നു.  കെ. സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യത്തിൽ ശോഭാ സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനം വലിയ ചർച്ചയായിട്ടുണ്ട്. മാനന്തവാടി മണ്ഡലത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണികണ്ഠൻ അപ്രതീക്ഷിതമായി പിൻമാറിയത് ബി.ജെ.പി നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. 


നേമത്ത് കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ നേമത്തും വലിയ വെല്ലുവിളിയാണ് ബി.ജെ.പി ഇത്തവണ നേരിടുന്നത്. സിറ്റിംഗ് എം.എൽ.എ രാജുവേട്ടൻ നൽകിയ സർട്ടിഫിക്കറ്റ് മാത്രം മതി മുരളിക്ക് ജയിച്ചു കയറാൻ. കോൺഗ്രസിന്റെ വോട്ടുകൾ ചോരാതെ മുരളിക്ക് തന്നെ ലഭിച്ചാൽ വിജയം എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷവുമുള്ളത്. ഇടതുപക്ഷ സ്ഥാനാർത്ഥി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ വി. ശിവൻ കുട്ടിയാണ്. ബി.ജെ.പി രംഗത്തിറക്കിയതാകട്ടെ, കുമ്മനം രാജശേഖരനെയുമാണ്.
ലതിക സുഭാഷിനോട് കോൺഗ്രസ് കാണിച്ചത് അനീതിയാണെന്ന് പറയാതെ നിർവാഹമില്ല. മുമ്പൊരിക്കൽ കമ്യൂണിസ്റ്റ് ആചാര്യൻ വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിച്ച വേളയിൽ വി.എസ് തന്നെ അവരെ അപമാനിച്ചത് മറക്കാവതല്ല. കോൺഗ്രസിലെ മൂന്ന് പ്രമുഖ വനിതകൾ മത്സരിക്കും. അവരിൽ രണ്ടു പേർ തോൽക്കും. എങ്കിലേ മൂന്നാമത്തെ ആൾക്ക് മന്ത്രിയാവൻ കഴിയൂ എന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ കേട്ടിരുന്നു. അങ്ങനെ ആത്മഹത്യാപരമായ കാര്യങ്ങൾ ആരെങ്കിലും ചെയ്യുമോ, ആവോ? 
 

Latest News