ബാരാബങ്കി- തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന കല്‍പന അംഗീകരിക്കാത്തതിനെ തുടർന്നാണത്രെ, ഉത്തർപ്രദേശില്‍ സ്ഥാനാർഥിയുടെ മകളെ നാലു പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ബാരാബങ്കി ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ 16 കാരിയുടെ പിതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയാണ്. മത്സരിക്കരുതെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് സംഭവമെന്ന് പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.
നാല് പേർക്കെതിരെയാണ് കേസെടുത്തതെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ബാരാബങ്കി ജില്ലയിലെ സായിദ്പൂരില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിക്ക് മെഡിക്കല്‍ പരിശോധന നടത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ പാണ്ഡേ പറഞ്ഞു.
സ്കൂളില്‍ പോകുമ്പോഴാണ് നാലുപേർ ചേർന്ന് വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ തിരിച്ചത്തി കുടുംബാംഗങ്ങളോട് പറഞ്ഞ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. ആസന്നമായ ഗ്രാമത്തലവന്‍ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്നും പണം നല്‍കിയും ഭീഷണിപ്പെടുത്തിയും മത്സര രംഗത്തുനിന്ന് പിന്മാറാന്‍ സമ്മർദമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ഗ്രാമത്തിലെ ആകാശ് വർമ, ലാല്‍ജി വർമ, സച്ചിന്‍ വർമ, ശിവം വർമ എന്നിവരാണ് മകളെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനുശേഷം മകളെ വീടിനു സമീപമെത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വഷണം ആരംഭിച്ചതായും ജില്ലാ പോലീസ് സൂപ്രണ്ട് മറഞ്ഞു.






