ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് സംഘ പരിവാര്‍ ശക്തികള്‍ തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഇതു സംബന്ധിച്ച കേസില്‍ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹരജികളില്‍ സുപ്രീം കോടതി ഇന്നു മുതല്‍ അന്തിമ വാദം കേള്‍ക്കും.
1992 ഡിസംബര്‍ ആറിനാണ് ഇന്ത്യന്‍ മതേതരത്വത്തിന് കനത്ത ആഘാതമേല്‍പിച്ചുകൊണ്ട് ബാബരി മസ്ജദി തകര്‍ത്തത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന, പിന്നീട് തര്‍ക്കഭൂമിയായി മാറിയ 2.77 ഏക്കര്‍ ഭൂമി യുപി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല വിരാജ്മാന്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് തുല്യമായി വീതിച്ചു നല്‍കിക്കൊണ്ട് സന്തുലിത പരിഹാരമാണ് 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കു ശേഷം 2010 സെപ്തംബര്‍ 30-ന് അലഹാബാദ് ഹൈക്കോടതി വിധിച്ചത്. എന്നാല്‍ ഇതിനെ ചോദ്യ ചെയ്ത് വിവിധ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെടുകയായിരുന്നു.
തര്‍ക്കഭൂമിയിലും സമീപത്തെ 67.7 ഏക്കര്‍ ഭൂമിയിലും നിലവിലെ സ്ഥിതി തുടരണമെന്നും ഹരജികള്‍ തീര്‍പ്പാക്കുന്നതു വരെ ഹൈക്കോടതി വിധി നടപ്പിലാക്കാന്‍ പാടില്ലെന്നുമാണ് സുപ്രീം കോടതി 2011 മേയ് 9ന് ഉത്തരവിട്ടത്. വിവിധ ഭാഷകളിലുള്ള തെളിവുകളും രേഖകളും മൊഴിമാറ്റം ചെയ്യാന്‍ സുപ്രീം കോടതി ഓഗസ്റ്റ് 17-ന് ഹരജിക്കാര്‍ക്ക് 12 ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഹരജികളില്‍ അന്തിമ വാദം കേള്‍ക്കുന്നത്.