Sorry, you need to enable JavaScript to visit this website.

മലയാള ചാനലുകളുടെ യുട്യൂബ് അടിപിടി; പൊളിയുന്ന കണക്കുകള്‍

കൊച്ചി- നിയമസഭാ തിരഞ്ഞെടുപ്പിന്റെ വാശി കേരളത്തിലാകെ പടരുന്നതെയുള്ളൂ. എന്നാൽ മലയാളത്തിലെ ന്യൂസ് റൂമുകളിൽ  തെരഞ്ഞെടുപ്പ് തിളച്ച് മറിയുകയാണ്. വാശിയേറിയ വാഗ്വാദങ്ങളും വെളിപ്പെടുത്തലുകളും അവകാശ വാദങ്ങളും ചാനലുകളുടെ ന്യൂസ് റൂമുകളിൽ നിന്ന് പ്രവഹിക്കുന്നു. ആദ്യ വാർത്താ ബുള്ളറ്റിൻ മലയാളികളുടെ സ്വീകരണ മുറിയിലെത്തിച്ചതിന്റെ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് മുതൽ ഗോകുലം ഗോപാലൻ - ശ്രീകണ്ഠൻ നായർ ടീമിന്റെ 24 ന്യൂസ് വരെ അരഡസനിലേറെ വാർത്താ ചാനലുകളുണ്ട് മലയാളത്തിൽ. സ്വകാര്യ വാർത്താ ചാനലുകൾക്ക് തെരഞ്ഞെടുപ്പ് കാലം വാർത്തകളുടെ മാത്രമല്ല പരസ്യ വരുമാനത്തിന്റെ കൂടി സുവർണ കാലമാണ്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ മുന്നിലാര് എന്ന കാര്യത്തിൽ വാശിയേറിയ പോരാട്ടമാണ് വാർത്താചാനലുകൾ തമ്മിൽ. 

ബാർക്ക് റേറ്റില്ല, പകരം യുട്യൂബും ഫെയ്സ്ബുക്കും

ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്നതിന്റെ ആധികാരിക അളവുകോലായിരുന്ന ബാർക്ക് റേറ്റിംഗ് ഇപ്പോൾ ഇല്ല. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ വ്യൂവർഷിപ്പ് റേറ്റിംഗ് കേസുമായി ബന്ധപ്പെട്ടാണ് ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസേർച് കൗൺസിൽ ഇന്ത്യ റേറ്റിംഗ് വിവരങ്ങൾ ശേഖരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിർത്തിവെച്ചത്. എങ്കിലുംഒരു കണക്കു വേണമല്ലോ. അങ്ങനെയാണ് ബാർക്ക് റേറ്റിംഗിനു പകരം കൂടുതൽ സുതാര്യമായ ഓൺലൈൻ റീച് ചാനലുകളുടെ വ്യൂവെർഷിപ്പ് അളക്കുന്നതിന്റെ മാനദണ്ഡമായത്. പ്രധാനമായും യൂട്യൂബിലെ ലൈവ് വാർത്താ ബുള്ളെറ്റിനുകളുടെ മൊത്തം തത്സമയ കാഴ്ചകളുടെ എണ്ണവും സബ്സ്ക്രൈബേഴ്സിന്റെ എണ്ണവുമാണ് ഇതിന് ആധാരമായി എടുക്കുന്നത്. 

മലയാളത്തിലെ ഏറ്റവും ഇളമുറക്കാരായ 24 ന്യൂസ് വാർത്താ ചാനലിന്റെ അതിരുകടന്ന ഒരു അവകാശവാദം എതിരാളികളിൽ സംശയം ജനിപ്പിച്ചിരിക്കുകയാണിപ്പോൾ. യൂട്യൂബ് വ്യൂവർഷിപ്പിന്റെ യഥാർത്ഥവശം ഒന്ന് പരിശോധിക്കാം. നമ്പർ വൺ ഇലക്ഷൻ ചാനൽ എന്നാണ് ശ്രീകണ്ഠൻ നായർ നയിക്കുന്ന ചാനലിന്റെ അവകാശവാദം. ഈ വീൺവാക്ക് തുടരെ തുടരെ വിളിച്ചു പറയുന്നുമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമായ 2020 ഡിസംബർ 16ന്  കാലത്ത് 8 മണി  മുതൽ 12.30 വരെയുള്ള യൂട്യൂബ് വ്യൂവർഷിപ്പിനെ ആധാരമാക്കിയാണെന്ന് തങ്ങൾ നമ്പർ വൺ ആയതെന്ന് 24 ന്യൂസിന്റെ പ്രൊമോയിൽ രണ്ടു ദിവസം മുൻപ് വരെ പറഞ്ഞിരുന്നു. ഇപ്പോൾ ഈ വിശദീകരണമില്ലാതെയാണ് പ്രോമോകൾ വരുന്നത്. 

വിവിധ ബ്രാൻഡുകളുടെയും സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയയിലെ ശക്തിയും സ്വാധീനവും അളക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ടൂളുകളിൽ ഒന്നാണ് അമേരിക്കൻ കമ്പനി ആയ സോഷ്യൽ ബ്ലേഡ്. 13 വർഷം മുമ്പ് അവതരിപ്പിക്കപ്പെട്ട സോഷ്യൽ ബ്ലേഡ് മറ്റ്  സോഷ്യൽ മീഡിയാ പ്ലാറ്റുഫോമുകളുടെ വിവരങ്ങൾക്കൊപ്പം പ്രധാനമായും യൂട്യൂബ് അനലിറ്റിക്സ് ആണ് ലഭ്യമാക്കുന്നത്. നമ്പർ വൺ ഇലക്ഷൻ ചാനൽ എന്ന 24 ന്യൂസിന്റെ അവകാശവാദം കണ്ടതിന് ശേഷമാണ് സോഷ്യൽ ബ്ലേഡ് ഉപയോഗിച്ച് മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളുടെ വ്യക്തമായ ഓൺലൈൻ വ്യൂവെർഷിപ്പ് വിവരങ്ങൾ പരിശോധിച്ചത്. 

വിശ്വസനീയമായ സോഷ്യൽ ബ്ലേഡ്  എന്ന തേർഡ് പാർട്ടി ആപ്ലിക്കേഷൻ നൽകുന്ന  കഴിഞ്ഞ ഒരു മാസത്തെ പ്രമുഖ ന്യൂസ് ചാനലുകളുടെ  യൂട്യൂബ് റേറ്റിംഗ് ഇങ്ങനെയാണ്.

മനോരമ ന്യൂസ് - 94 മില്യൺ കാഴ്ചക്കാർ 
ഏഷ്യാനെറ്റ് ന്യൂസ് - 81 മില്യൺ കാഴ്ചക്കാർ 
24 ന്യൂസ് - 58 മില്യൺ കാഴ്ചക്കാർ 

തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഡിസംബർ മാസത്തെ റേറ്റിംഗ് കൂട്ടി ചേർക്കാം..
മനോരമ ന്യൂസ് - 123 മില്യൺ കാഴ്ചക്കാർ 
24 ന്യൂസ് - 84 മില്യൺ കാഴ്ചക്കാർ 
ഏഷ്യാനെറ്റ് ന്യൂസ് - 80 മില്യൺ കാഴ്ചക്കാർ 

മൂന്ന് ചാനലുകളുടെ വ്യൂവെർഷിപ്പ് താരതമ്യം ചെയ്യുമ്പോൾ നമ്പർ വൺ  ഇലക്ഷൻ ചാനൽ എന്ന 24 ന്യൂസിന്റെ വാദം പൊളിയുകയാണ്. സുതാര്യമായി ആർക്കും ലഭ്യമാകുന്ന ആധികാരികമായ ഡാറ്റയെ തീർത്തും നിരാകരിച്ചു കൊണ്ട്  തെളിയിക്കാൻ കഴിയാത്ത വെറും നാലര മണിക്കൂർ വ്യൂവെർഷിപ്പിന്റെ കണക്ക് പറഞ്ഞ് മലയാളി പ്രേക്ഷകരെ കബളിപ്പിക്കുകയായിരുന്നു. മത്സരമാവാം, മാനിപുലേഷൻ കൊണ്ട് പ്രേക്ഷകരെ വെല്ലുവിളിക്കുന്ന മാധ്യമ പ്രവർത്തനത്തിന് കേരളത്തിൽ അധികം ആയുസ്സുണ്ടാവില്ല.

Latest News