Sorry, you need to enable JavaScript to visit this website.

സൗദിയിൽ ട്രാഫിക് പിഴകൾ വന്നാലും പേടിക്കേണ്ട, അബ്ശിർ വഴി അപേക്ഷ നൽകാം

റിയാദ് - ഓട്ടോമാറ്റിക് രീതയിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്ത് ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ 'അബ്ശിർ' വഴി എത്ര തവണ വേണമെങ്കിലും ഡ്രൈവർമാർക്ക് വിയോജിപ്പുകൾ പ്രകടിപ്പിക്കാവുന്നതാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഒരു വർഷത്തിനിടെ പ്രകടിപ്പിക്കാവുന്ന വിയോജിപ്പുകൾക്ക് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ ഒരു വർഷത്തിനിനിടെ പ്രകടിപ്പിക്കുന്ന അഞ്ചു വിയോജിപ്പുകൾ ശരിയല്ലെന്ന് കണ്ടെത്തി തള്ളിക്കളയുന്ന പക്ഷം ആ കൊല്ലം പിന്നെ വീണ്ടും വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഡ്രൈവർമാർക്ക് കഴിയില്ല. 
ഗതാഗത നിയമ ലംഘനം രജിസ്റ്റർ ചെയ്ത് മുപ്പതു ദിവസത്തിനകമാണ് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത്. 'അബ്ശിർ' വഴി ഒരു തവണ വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രത്യേക കമ്മിറ്റി അതിൽ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത ഗതാഗത നിയമ ലംഘനത്തിൽ വീണ്ടും വിയോജിപ്പ് പ്രകടിപ്പിക്കാൻ കഴിയില്ല. ഒരു ഡ്രൈവർ സമർപ്പിച്ച വിയോജിപ്പിൽ നടപടികൾ സ്വീകരിക്കുന്നതിനിടെ ഓൺലൈൻ ആയി പുതിയ വിയോജിപ്പ് പ്രകടിപ്പിക്കാൻ അതേ ഡ്രൈവർക്ക് കഴിയില്ല.
'അബ്ശിർ' പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് 'ഖിദ്മാത്തീ' തെരഞ്ഞെടുത്ത് 'ട്രാഫിക് ഡയറക്ടറേറ്റി'ൽ ക്ലിക്ക് ചെയ്ത് 'ഗതാഗത നിയമ ലംഘനങ്ങളിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കൽ' തെരഞ്ഞെടുത്താണ് ഓൺലൈൻ ആയി വിയോജിപ്പ് പ്രകടിപ്പിക്കൽ നടപടികൾ പൂർത്തിയാക്കേണ്ടതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
 

Latest News