മോസ്‌കോ- യു.എസിലെ റഷ്യന്‍ അംബാസഡറെ തിരികെ വിളിച്ചു. കൂടിയാലോചനകള്‍ക്കായാണ് തിരികെ വിളിച്ചിരിക്കുന്നതെന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിക്കു വിഷബാധയേറ്റ സംഭവത്തില്‍ ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാധ്യതകള്‍ക്കിടെയാണ് അനാറ്റലി അന്റോനോവിനെ മോസ്‌കോ തിരികെ വിളിക്കുന്നത്.
2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇടപെട്ടുവെന്ന യു.എസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മാത്രമല്ല, ബുധനാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പുടിനെ കൊലപാതകിയെന്നു വിശേഷിപ്പിക്കുമോ എന്ന ചോദ്യത്തോട് അതേയെന്നായിരുന്നു ബൈഡന്റെ ഉത്തരം.